പഴുതടച്ച പൊലീസ് അന്വേഷണം
തിരുവനന്തപുരം: പൊലീസിന്റെ പഴുതടച്ച അന്വേഷണവും ശാസ്ത്രീയ തെളിവുകളുമാണ് നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൻ രാജയെ നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാനാകാത്തവിധം കുരുക്കിലാക്കിയത്. എ.ഡി.ജി.പിയായിരുന്ന ബി.സന്ധ്യ, അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും ഇപ്പോൾ ക്രൈംബ്രാഞ്ച് ഐ.ജിയുമായ സ്‌പർജൻ കുമാർ, അന്നത്തെ ദക്ഷിണ മേഖല ഐ.ജിയും ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാം എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
അന്നത്തെ മ്യൂസിയം സി.ഐയും ഇപ്പോൾ സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറുമായ ജെ.കെ.ദിനിലിനായിരുന്നു അന്വേഷണ ചുമതല. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടരന്വേഷണം അന്നത്തെ കന്റോൺമെന്റ് എ.സിയും ഇപ്പോൾ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുമായ കെ.ഇ.ബൈജുവിന് നൽകി. അദ്ദേഹമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
സി.ഐ സുനിൽകുമാർ,എസ്.ഐ സന്ധ്യകുമാർ, സീനിയർ സി.പി.ഒമാരായ മണികണ്ഠൻ, രാകേഷ് എന്നിവരും അന്വേഷണത്തിന്റെ ഭാഗമായി. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.ശശികലയുടെ കണ്ടെത്തലുകളും സൈക്യാട്രിസ്റ്റ് ഡോ.മോഹൻറോയിയുടെ നിരീക്ഷണങ്ങളും നിർണായകമായി.
വെല്ലുവിളി നിറഞ്ഞ കേസ് അന്വേഷണമായിരുന്നു. പ്രതിയുടെ ബാഗ്,വസ്ത്രങ്ങൾ,കൈയിലുണ്ടായിരുന്ന കാശ് എന്നിവയിൽ നിന്ന് മരിച്ചവരുടെ രക്തക്കറ കണ്ടെത്താനായി. നാലാമത്തെ മൃതദേഹം കെട്ടിവച്ചിരുന്ന പ്ലാസ്റ്റിക് കവറിൽ നിന്ന് പ്രതിയുടെ വിരലടയാളം ഉൾപ്പെടെ ലഭിച്ചതും കേസിന് ബലമായി.
-കെ.ഇ.ബൈജു
അന്വേഷണ ഉദ്യോഗസ്ഥൻ