കിലോയ്ക്ക് വില 300 കഴിഞ്ഞു,​ പണം മുഴുവൻ കൊണ്ടുപോകുന്നത് തമിഴ്നാ‌ടും കർണാടകയും

Tuesday 13 May 2025 3:12 AM IST

കൊടുങ്ങല്ലൂർ : നാളികേരത്തിന് വില കുത്തനെ ഉയർന്നിട്ടും കർഷകർക്ക് ഗുണമില്ല. വരൾച്ചയും തെങ്ങിന്റെ മണ്ടച്ചീയലും മൂലം ഉൽപാദനവും ഗണ്യമായി കുറഞ്ഞു. അഞ്ചു മാസമായി തേങ്ങ വില കുറയാതെ ഉയർന്നുവരികയാണ്.

പച്ചത്തേങ്ങ പൊളിച്ചതിന് ഒരു കിലോയ്ക്ക് വിപണിയിൽ 75 രൂപയാണ് വില.

ഫെബ്രുവരി മാസം തുടക്കത്തിൽ 60 ലും 65 ലും ഉണ്ടായിരുന്നതാണ് ഇപ്പോൾ 68 ലും 75 ലും എത്തിയത്. ക്ഷാമം നേരിടുന്നതോടെ വില ഇനിയും വർദ്ധിച്ചേക്കും. അഞ്ച് വർഷത്തിലേറെയായി 28 മുതൽ 36 വരെയായിരുന്നു പച്ചതേങ്ങ വില. കഴിഞ്ഞ ഓണത്തിന് മുമ്പ് 42ൽ എത്തി. തുടർന്ന് 47 ആയി. ഇതിനിടയിൽ തേങ്ങ കൂടുതലായി വിപണിയിലെത്തിയതോടെ വില 40ലേക്ക് താഴ്ന്നു. എന്നാൽ ഇപ്പോൾ വില വീണ്ടും ഉയർന്നു.

വെളിച്ചെണ്ണ വിലയും മുകളിലേക്ക്

തേങ്ങ വില വർദ്ധിക്കുന്നതോടൊപ്പം വെളിച്ചെണ്ണ വിലയും വർദ്ധിക്കുകയാണ്. 300 - 310 രൂപയാണ് ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ചില്ലറ വില. വെളിച്ചെണ്ണ വില 170 മുതൽ 180 വരെ ഇടയിലുണ്ടായിരുന്നതാണ് ഇപ്പോൾ 310ൽ എത്തിയത്. വെളിച്ചെണ്ണ ഉൽപാദകർ ആശ്രയിക്കുന്നത് തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കൊപ്രയാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിലും തേങ്ങ ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

തേങ്ങ ഉത്പാദനവും താഴേക്ക്

ആയിരം തേങ്ങ കിട്ടുന്ന പറമ്പുകളിൽ അത് നാലിലൊന്നായി കുറഞ്ഞുവെന്ന് കർഷകർ പറയുന്നു. തേങ്ങ സുലഭമായി ലഭിച്ചപ്പോൾ കർഷകർക്ക് അതിന്റെ ഗുണവും ലഭിച്ചില്ല. തുച്ഛമായ തുക മാത്രമാണ് ലഭിച്ചത്. വലിയ തുക മുടക്കി തെങ്ങിൻവളവും പരിചരണവും നൽകിയിട്ട് മുടക്കിയത് പോലും തിരിച്ചു കിട്ടാതെയായി. പരിചരണം കുറഞ്ഞപ്പോൾ ഉൽപാദനവും കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും മറ്റൊരു കാരണമായി. വരൾച്ച കാരണം തെങ്ങിൽ വ്യാപകമായി മണ്ടചീയൽ രോഗവും പടർന്നു.

  • തേങ്ങവില 68-75
  • വെളിച്ചെണ്ണ വില 300 -310