വീടിന് തീപിടിച്ച് അമ്മയും മക്കളുമടക്കം മരിച്ച സംഭവം; ഷോർട്ട് സർക്യൂട്ടല്ല അപകടകാരണമെന്ന് വിലയിരുത്തൽ

Tuesday 13 May 2025 8:41 AM IST

അടിമാലി: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപകടത്തിന് കാരണമായത് വൈദ്യുത ഷോർട്ട് സർക്യൂട്ട് അല്ലെന്ന് വിലയിരുത്തൽ. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ഷൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വീട് പൂർണമായും കത്തില്ലെന്നും അധികൃതർ വ്യക്തമാക്കി.

അടിമാലി കൊന്നത്തടി മരക്കാനത്തിനു സമീപമാണ് വീടിനു തീപിടിച്ച് അപകടമുണ്ടായത്. അടിമാലി മരക്കാനം തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (37), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ചയാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. ഇവരുടെ വീടിന് സമീപത്ത് മറ്റ് വീടുകളൊന്നും ഇല്ലാത്തതിനാൽ സംഭവം പുറംലോകം അറിഞ്ഞിരുന്നില്ല. വൈകിട്ട് ഇതുവഴി പോയ സമീപവാസികളിലൊരാളാണ് കത്തിക്കരിഞ്ഞ നിലയിൽ വീട് കണ്ടത്. തുടർന്ന് വെള്ളത്തൂവൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഒരു കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തി. രാത്രി വൈകി നടത്തിയ തെരച്ചിലിൽ മറ്റുള്ളവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. അനീഷ് രണ്ടു വർഷം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വീട്ടിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമായതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നാൽ മാത്രമേ അപകടത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാനുണ്ട്. ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കുമെന്നും പൊലീസ് വ്യക്തമാക്കി.