തിരുവനന്തപുരം വഞ്ചിയൂരിൽ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ചു

Tuesday 13 May 2025 3:30 PM IST

തിരുവനന്തപുരം: അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചു. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. ബെയ്‌ലിൻ ദാസ് എന്ന സീനിയർ അഭിഭാഷകനാണ് മർദ്ദിച്ചത്. ഓഫീസിലെ ആഭ്യന്തര പ്രശ്നമാണ് മർദ്ദനത്തിന് കാരണമെന്ന് ശ്യാമിലി പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മൊഴി കൊടുത്തിട്ടില്ലെന്നും ശ്യാമിലി വ്യക്തമാക്കി.

ഓഫീസിലെ ചില പ്രശ്നങ്ങളുടെ പേരിൽ ഇതിനുമുമ്പും ശ്യാമിലി മർദ്ദനത്തിനിരയായിട്ടുണ്ട്. അന്ന് പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഓഫീസിലെ മറ്റാരെയെങ്കിലും ഇതുപോലെ അടിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അറിയില്ല. മറ്റ് ജൂനിയർ അഭിഭാഷകരെ വഴക്ക് പറയുന്നത് കണ്ടിട്ടുണ്ട്. മുഖത്തേക്ക് ഫയൽ വലിച്ചെറിയുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും ബെയ്‌ലിൻ ദാസിന്റെ ഓഫീസിൽ ആരും അധികകാലം നിൽക്കാറില്ലെന്നും ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു.