വിരമിക്കലിന് പിന്നാലെ വിരാട് കൊഹ്‌ലി പോയത് ഈ സ്ഥലത്തേക്ക്, ഒപ്പം ഭാര്യയും

Tuesday 13 May 2025 5:22 PM IST

കഴിഞ്ഞ ദിവസമാണ് ആരാധകരെ നിരാശയിലാഴ്ത്തി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഇതിഹാസ താരം വിരാട് കൊഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത്. 770 റൺസ് കൂടി മതിയായിരുന്നു വിരാട് കൊഹ്‌ലിക്ക് ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് എന്ന നാഴികക്കല്ല് താണ്ടാൻ. 36കാരനായ വിരാടിന് ആ ലക്ഷ്യത്തിലേക്കെത്താൻ അധികകാലമൊന്നും വേണ്ടിവരികയുമില്ലായിരുന്നു. എന്നാൽ ഇതാണ് താൻ വഴിയൊഴിഞ്ഞുകൊടുക്കാനുള്ള ശരിയായ സമയം എന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച താരം തീരുമാനിക്കുകയായിരുന്നു.

വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ വിരാട് കൊഹ്‌ലി പോയത് ഉത്തർപ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്ക് ആയിരുന്നു. ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയ്ക്കൊപ്പമാണ് കൊഹ്‌ലി വൃന്ദാവനിൽ എത്തിയത്. പ്രേമാനന്ദ് ജി മഹാരാജിന്റെ ആശ്രമത്തിലാണ് ഇരുവരും സന്ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കാറിൽ ആശ്രമത്തിൽ വന്നിറങ്ങുന്ന അനുഷ്കയുടെയും കൊഹ്‌ലിയുടെയും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. രാവിലെ ഏഴ് മണിയോടെയാണ് ഇവർ വൃന്ദവാനത്തിലെത്തിയതെന്നാണ് വിവരം. ശേഷം പ്രേമാനന്ദ് ജി മഹാരാജിന്റെ അനുഗ്രഹം തേടി. പ്രേമാനന്ദ് ജി മഹാരാജ് കൊഹ്ലിയോട് സന്തോഷവനാണോയെന്ന് ചോദിക്കുന്നുണ്ട്. അതെ തനിക്ക് കുഴപ്പമില്ലെന്നും വിരാട് മറുപടി പറയുന്നു. ഇതിന് മുൻപ് 2023ലും 2025ലും കൊഹ്ലി ആശ്രമത്തിൽ എത്തിയിട്ടുണ്ട്.