കുറ്റവാളികൾ പെരുകി 'ശ്വാസംമുട്ടി' ജയിലറകൾ

Wednesday 14 May 2025 12:03 AM IST
ജയിലറകൾ

കോഴിക്കോട്: കുറ്റവാളികളുടെ എണ്ണം പെരുകിയതോടെ പാർപ്പിക്കാൻ ഇടമില്ലാതെ ജില്ലയിലെ ജയിലറകൾ. നാല് ജയിലുകളിലായി 333 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ളിടത്ത് 434 പേരാണ് കഴിയുന്നത്. അതും ശിക്ഷാതടവുകാരേക്കാൾ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാർ. എട്ട് ശിക്ഷാതടവുകാർ മാത്രമാണ് കോഴിക്കോട് ജില്ലാ ജയിലിൽ ഉള്ളത്. 103 വിചാരണ തടവുകാരും 323 റിമാൻഡ് പ്രതികളും കഴിയുന്നത് മറ്റു ജയിലുകളിൽ. തടവുകാർ മുഴുവനും പുരുഷൻമാരാണ്. ജില്ലാ ജയിലിലെ വനിതാ സെല്ലിന്റെ ചുറ്റുമതിൽ നിർമ്മാണം നടക്കുന്നതിനാൽ കൊലപാതകക്കേസിലെ ജോളിയടക്കമുള്ള തടവുകാർ പാലക്കാട്, കണ്ണൂർ, മഞ്ചേരി, മാനന്തവാടി ജയിലുകളിലാണ്.

റിമാൻഡ് തടവുകാരിൽ ഏറെയും ലഹരി, പോക്സോ കേസുകളിൽ പിടിക്കപ്പെട്ടവരാണ്. മയക്കുമരുന്ന് കേസുകളിൽ ജാമ്യം കിട്ടാതെ കഴിയുന്നവരും ഏറെയുണ്ട്. തടവുകാരിൽ കൂടുതലും യുവാക്കളാണ്. കുറ്റകൃത്യങ്ങളും പിടിക്കപ്പെടുന്നവരും വർദ്ധിക്കുന്നതിനാൽ പ്രതികളെ ചുരുങ്ങിയ സ്ഥലത്ത് കുത്തിനിറച്ച് പാർപ്പിക്കുന്നത് വെല്ലുവിളിയാണ്. ഇത് സുരക്ഷ ഭീഷണിയുയർത്തുന്നുണ്ട്. ജയിലുകളിൽ പ്രതികൾ തമ്മിൽ സംഘർഷങ്ങളുണ്ടാക്കുന്നതും ജയിൽ ചാടുന്നതും പതിവാണ്. വർഷങ്ങൾ പഴക്കമുള്ള ജയിലിന് കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നും കൂടുതൽ ജയിലുകൾ സ്ഥാപിക്കണമെന്നുമാണ് ആവശ്യം.

ജില്ലയിൽ നാല് ജയിലുകൾ

ജില്ലയിൽ നാല് ജയിലുകളാണുള്ളത്. ജില്ലാ ജയിൽ, സ്പെഷ്യൽ സബ് ജയിൽ, സബ് ജയിൽ കൊയിലാണ്ടി, വടകര. ജില്ലാ ജയിലിൽ 225 പേരെയും സ്പെഷ്യൽ സബ് ജയിലിൽ 70, സബ് ജയിൽ കൊയിലാണ്ടി 24, വടകര 14 എന്നിങ്ങനെയാണ് ഉൾക്കൊള്ളാവുന്നവരുടെ എണ്ണം. എന്നാൽ ഇവിടങ്ങളിൽ കൂടുതൽ പേരുണ്ട്. തടവുപുള്ളികളെ ഉൾക്കൊള്ളാൻ സാധിക്കാതെ വരുമ്പോൾ എന്നിവിടങ്ങളിലേക്ക് മാറ്റുകയാണ്.

കേസുകൾ കൂടുന്നു

കൊലപാതകവും കൊലപാതകശ്രമങ്ങളും ഉൾപ്പെടെ ജില്ലയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വൻ വർധന. ഈ വർഷം മാർച്ച് വരേയുള്ള കണക്കുപ്രകാരം ജില്ലയിൽ നാലു കൊലപാതകങ്ങളും 15 കൊലപാതക ശ്രമങ്ങളുമാണുണ്ടായത് . തട്ടിക്കൊണ്ടുപോകൽ, മോഷണം, വഞ്ചന, ലൈംഗിക അതിക്രമം തുടങ്ങി ഏപ്രിൽ വരെ ജില്ലയിൽ 8549 ക്രൈം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024-ൽ 25 കൊലപാതകങ്ങളും 125 കൊലപാതക ശ്രമങ്ങളുമാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതെന്നാണ് ജില്ലാ ക്രൈം ബ്യൂറോയുടെ കണക്ക്. ജില്ലയിൽ സിറ്റി പരിധിയെ അപേക്ഷിച്ച് റൂറലിൽ ആണ് കൊലപാതക ശ്രമം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ കൂടുതൽ നടന്നത്.

 ജയിൽ................................പാർപ്പിക്കാവുന്ന അന്തേവാസികൾ- നിലവിലുള്ള അന്തേവാസികൾ

ജില്ലാ ജയിൽ....................... 225(പു) .....30 (സ്ത്രി)...................297

സ്പെഷ്യൽ സബ് ജയിൽ കോഴിക്കോട്- 70.....88

സബ് ജയിൽ കൊയിലാണ്ടി-24.................24

സബ് ജയിൽ വടകര- 14.................................25

സ്ഥാപിച്ച വർഷം

ജില്ലാ ജയിൽ -1861

സബ് ജയിൽ -2009

കൊയിലാണ്ടി ....

വടകര-----