മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു, ഒരുവയസുള്ള കുഞ്ഞ് മരിച്ചു, ആറുപേർക്ക് പരിക്ക്

Tuesday 13 May 2025 9:08 PM IST

ബംഗളൂരു: ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാറിൽ പിന്നാലെയെത്തിയ ബസ് ഇടിച്ചുകയറി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ-കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചാലിൽ അതുൽ-അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ (1) ആണ് മരിച്ചത്. ബംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേയിൽ ആയിരുന്നു അപകടം. കുഞ്ഞിന്റെ മാതാവായ അലീന (33), ഇവരുടെ മൂത്തമകൻ സ്‌റ്റീവ് (3), അലീനയുടെ മാതാവ് റെറ്റി (57), ബന്ധുക്കൾ ആൽഫിൻ (16), ആരോൺ (14) എന്നിവർക്കും ഡ്രൈവർ ആന്റണി (27)യ്‌ക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്.

മഴകാരണമുള്ള വെള്ളക്കെട്ടിൽ കയറിയ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിക്കുകയും തുടർന്ന് ബംഗളൂരുവിലേക്ക്‌ പോകുകയായിരുന്ന സ്വകാര്യ‌ ബസ് വന്നിടിക്കുകയുമായിരുന്നു. അപകടത്തിൽ കാർ നിശേഷം തകർന്നു. അലീന നാട്ടിൽ നിന്നും തിരികെ ഇലക്‌ട്രോണിക് സിറ്റിയുടെ സമീപം ഹുസ്‌‌ക്കൂരിലെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. കാറിൽ നിന്നും അപകടം നടന്ന സമയം കാർലോ തെറിച്ച് പുറത്തേക്ക് വീണു. പരിക്കേറ്റ ‌ഡ്രൈവർ ആന്റണിയാണ് മറ്റുള്ളവരെ പുറത്തെത്തിച്ചത്. കുഞ്ഞിന്റെ പിതാവ് അപകടസമയം ബംഗളൂരുവിലായിരുന്നു.