'ഭരിക്കുന്നവരെ നോക്കിയല്ല നിലപാടുകൾ'
അന്ധവിശ്വാസങ്ങൾക്കും അശാസ്ത്രീയതകൾക്കുമെതിരെ സാധാരണക്കാർക്കൊപ്പം പതിറ്റാണ്ടുകളായി നിലകൊള്ളുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാടുകൾ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി രണ്ടാംവട്ടം തിരഞ്ഞെടുക്കപ്പെട്ട ടി.കെ. മീരാഭായ് പങ്കുവയ്ക്കുന്നു
? പരിഷത്ത് ഇനി ഊന്നൽ നൽകുന്നത്.
ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനയാണ് പരിഷത്ത്. ജീവിതശെെലീ രോഗങ്ങളിൽ നിന്ന് മുക്തമായ കേരളമാണ് ഈ വർഷം പ്രധാനമായും ലക്ഷ്യമിടുന്നത്. മലയാളികളുടെ ശരാശരി ആയുസ്, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവരേക്കാൾ കൂടുതലാണെങ്കിലും രോഗാതുരത കൂടി വരികയാണ്. ഇത് മൂന്ന് തരത്തിലാണ് - ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ, പകർച്ചവ്യാധികളിലുള്ള വർദ്ധനവ്. മാനസികാരോഗ്യത്തിൽ കേരളം വളരെ പിന്നിലാണ്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് മറ്റു സംഘടനകളുമായി ചേർന്ന് ക്ളാസുകളും പരിശീലനങ്ങളും നൽകും. 2025 ഇന്റർനാഷണൽ ഇയർ ഒഫ് ക്വാണ്ടം സയൻസ് ആണ്. ക്വാണ്ടം തിയറിയുടെ നൂറാം വർഷം ഒരു നിമിത്തമാക്കി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രദർശനങ്ങളും ക്ലാസും സംഘടിപ്പിക്കും. പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയും യുവസമിതിയും വഴിയാണ് ഇത് നടപ്പിലാക്കുന്നത് .
? പുതിയ കാലത്ത് പരിഷത്തിന്റെ പ്രസക്തി.
ആഗോളവൽക്കരണ നയങ്ങൾ ഏറെ സ്വാധീനിക്കുന്ന കാലമാണിത്. ഭരണകൂട ഭീകരത മറുവശത്ത് ശക്തമാകുന്നു. നരബലി പോലുളള അന്ധവിശ്വാസവും കൂടിവരുന്നു. അതുകൊണ്ടു തന്നെ തിരുത്തൽ ശക്തിയായി പരിഷത്ത് കരുത്തോടെ നിലകൊള്ളേണ്ട കാലമാണിത്. കേരള ജനത എങ്ങനെ ചിന്തിക്കുന്നു, കേരളം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ വിശദമായ സർവേയുടെ റിപ്പോർട്ടായിട്ടാണ് 'കേരള പഠനം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇത് വിവിധ മേഖലകളിൽ കേരള സമൂഹം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ്. കേരള പഠനത്തിന്റെ രണ്ടാം ഘട്ടം 2019-ൽ ആരംഭിച്ചിരുന്നു. ഈ രണ്ടും പഠനങ്ങളുടെയും വിശദാംശങ്ങൾ മുന്നിലുണ്ട്.
? പരിഷത്ത് സജീവമാണെന്ന് പറയുമ്പോഴും അന്ധവിശ്വാസവും അശാസ്ത്രീയതയും കൂടുന്നു...
ധബോൽക്കറുടെ മരണത്തിനുശേഷം മഹാരാഷ്ട്ര, കർണാടക തുടങ്ങി പല സംസ്ഥാനങ്ങളിലും അന്ധവിശ്വാസ, ചൂഷണ നിരോധന നിയമം പാസാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇതുവരെയും അത്തരമൊരു നിയമം പാസാക്കാൻ കഴിഞ്ഞിട്ടില്ല . ഇതിനായി പരിഷത്ത് 2014 മുതൽ ശ്രമിച്ചു വരികയാണ്. വ്യാപകമായ ഒപ്പു ശേഖരണം നടത്തി ഈ സർക്കാരിനും കഴിഞ്ഞ സർക്കാരിനും സമർപ്പിച്ചു. ജനകീയ സമ്മർദ്ദങ്ങൾ ഉയർത്തിക്കൊണ്ടു വന്നു. പക്ഷേ, പരിഷത്ത് മാത്രം വിചാരിച്ചാൽ ഇതെല്ലാം നടക്കുന്നതല്ല. അന്ധവിശ്വാസത്തിന് അടിമപ്പെട്ടുപോയ പൊതുബോധ നിർമ്മിതിയെ തകർക്കാൻ എളുപ്പമല്ല.
? സി.പി.എം. പരിഷത്തിനെ വിഴുങ്ങിയെന്ന് ആരോപണമുയരാറുണ്ട്.
ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായി പ്രവർത്തിക്കുന്ന സംഘടനയല്ല പരിഷത്ത്. വിമർശിക്കേണ്ട
വിഷയങ്ങളിൽ കൃത്യമായി വിമർശനം ഉന്നയിക്കാറുണ്ട്. അത് തുടരുകയും ചെയ്യും. മുപ്പത് ശതമാനം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികളെ തോറ്റതായി പ്രഖ്യാപിക്കുമ്പോൾ അത് ബാധിക്കുന്നത് പാർശ്വവൽകൃതരായ വിദ്യാർത്ഥികളെയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയത് പരിഷത്തായിരുന്നു. അത് സി.പി.എമ്മിന്റെ വിദ്യാഭ്യാസ നയത്തിനെതിനുള്ള തിരുത്തലായിരുന്നു. തോൽപ്പിക്കുന്നതു കൊണ്ട് ഗുണനിലവാരം കൂടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരിഷത്ത് വിദ്യാഭ്യാസ ജാഥ നടത്തിയത്. വിദ്യാഭ്യാസ രംഗത്തെ തിരുത്തലിനായി ക്യാമ്പയിൻ തുടരും.
? പരിസ്ഥിതി പ്രശ്നങ്ങളിൽ ഇടപെടൽ കുറയുന്നുണ്ടോ.
പരിസ്ഥിതി പ്രശ്നങ്ങളിൽ ഇടപെടുന്നതുകൊണ്ട് പലരും പരിഷത്തിനെ വികസന വിരോധികൾ എന്നു പറയാറുണ്ട്. എന്നാൽ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെക്കൂടി ഉൾക്കൊള്ളുന്നതായിരിക്കണം വികസനം
എന്ന നിലപാടാണ് പരിഷത്തിന്. പരിഷത്ത് 1972-ൽ പ്രസിദ്ധീകരിച്ച 'കേരളത്തിന്റെ സമ്പത്ത്" ആവശ്യമായ മാറ്റങ്ങൾ വരുത്തി വീണ്ടും പ്രസിദ്ധീകരിക്കും. വയനാട് തുരങ്കപാത സംബന്ധിച്ചും പഠനം നടത്തുന്നുണ്ട്. ശാസ്ത്ര- യുക്തിചിന്തയുടെ തകർച്ചയെ ചോദ്യം ചെയ്യാനുളള ശേഷിയെ തകർക്കും. ആ തകർച്ച പ്രതിരോധിക്കാനാണ് പരിഷത്ത് ശ്രമിക്കുന്നത്. അതിരപ്പിള്ളി, സിൽവർ ലെെൻ വിഷയങ്ങളിൽ വ്യക്തമായ നിലപാട് പറഞ്ഞിട്ടുണ്ട്. ആ വിഷയങ്ങൾ ഉയർന്നു വരുമ്പോൾ വീണ്ടും പഠനം നടത്തി നിലപാട് വ്യക്തമാക്കും.
എ.ഇ.ഒ. ആയി വിരമിച്ച മീരാഭായ് കൊടുങ്ങല്ലൂർ മതിലകം സ്വദേശിനിയാണ്. ഭർത്താവ്, എഴുത്തുകാരനായ
ഇ. ജിനൻ. മക്കൾ: ദിലിൻ (ബംഗളൂരു), കിരൺ (ആസ്ട്രേലിയ)