വെള്ള നെല്ലിനങ്ങൾ കൃഷി ചെയ്യാമോ? ആശയക്കുഴപ്പം തീരാതെ കർഷകർ
കുഴൽമന്ദം: ഒന്നാം വിള നെൽക്കൃഷിക്ക് വിത്ത് ഇറക്കുന്ന സമയമായിട്ടും വെള്ള നെൽവിത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പവും തീരാതെ കർഷകർ. അടുത്ത സീസൺ മുതൽ വെള്ള നെല്ലിനങ്ങൾ കൃഷി ചെയ്യുന്നത് ആലോചിച്ച് മതിയെന്ന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിലിന്റെ പ്രഖ്യാപനമാണ് ജില്ലയിലെ കർഷകരെ ത്രിശങ്കുവിലാക്കിയിരിക്കുന്നത്. വെള്ള നെല്ലിനങ്ങൾ സംഭരിക്കാൻ മില്ലുകാർ മടികാണിക്കുന്നുണ്ടെന്ന് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാതികളും ചോദിച്ചറിയാൻ കഴിഞ്ഞയാഴ്ച നല്ലേപ്പിള്ളി മരുതംപള്ളത്തെത്തിയ മന്ത്രിയോട് കർഷകർ പരാതിപ്പെട്ടിരുന്നു. തുടർന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം. എന്നാൽ കാലവർഷം ഈ മാസം തന്നെ ആരംഭിക്കുമെന്ന മുന്നറിയിപ്പും വന്നതോടെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാത്തത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പാലക്കാട് കളക്ടറേറ്റിൽ വിളിച്ച യോഗം മാറ്റി വച്ച് മന്ത്രി പിൻമാറുകയും ചെയ്തു.
താങ്ങുവിലയ്ക്ക് സപ്ലൈകോയിലേക്ക് നെല്ല് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും തുക വിതരണം ചെയ്യുന്നതിലെ കാലതാമസം, വെള്ളയിനം നെൽവിത്ത് ഉപയോഗിക്കുന്നതിൽ കർഷകരുടെ ആശങ്ക, നെല്ല് സംഭരണം സുതാര്യമാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടിയിരുന്ന യോഗത്തിൽ നിന്ന് മന്ത്രി പിൻമാറിയതിൽ കുഴൽമന്ദം ബ്ലോക്ക് പാടശേഖര സമിതി കോഓർഡിനേഷൻ കമ്മിറ്റി കടുത്ത പ്രതിഷേധം അറിയിച്ചു. കനറാ ബാങ്ക് തുക വിതരണം നിറുത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഒന്നാം വിളയ്ക്കുള്ള വിത്ത് ഇറക്കുന്ന സമയമാണ്. കാലവർഷം ഈ മാസം തന്നേ ആരംഭിക്കുമെന്ന മുന്നറിയിപ്പും വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു കർഷകർ. എന്നാൽ മന്ത്രി പാലക്കാട് ഉണ്ടായിട്ടും പങ്കെടുക്കാതെ യോഗം മാറ്റിവെച്ചതിൽ കമ്മിറ്റി കടുത്ത അതൃപ്തി അറിയിച്ചു. മന്ത്രി പങ്കെടുക്കുമെന്ന് കരുതി യോഗത്തിലേക്ക് കമ്മിറ്റി ഭാരവാഹികളായ കെ.എ.വേണുഗോപാൽ, ഐ.സി.ബോസ്, പി.ആർ.കരുണാകരൻ, എം.സി.മുരളീധരൻ, കെ.സി.അശോകൻ എന്നിവർ കളക്ടറേറ്റിൽ എത്തിയിരുന്നു.