10,000 കോടി രൂപ വിൽപ്പന ലക്ഷ്യവുമായി മിൽമ

Wednesday 14 May 2025 11:25 PM IST

കോഴിക്കോട്: 2030ൽ മിൽമയുടെ വിറ്റുവരവ് ലക്ഷ്യം 10,000 കോടി രൂപയാണെന്ന് ചെയർമാൻ കെ.എസ് മണി പറഞ്ഞു. ഗുണ നിലവാരത്തിൽ കോർപ്പറേറ്റ് കമ്പനികളോട് കിടപിടിക്കാൻ മിൽമയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാലിന്റെയും മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടേയും വിൽപ്പന വർദ്ധിപ്പിക്കാൻ നൂതന വിപണന തന്ത്രങ്ങൾ മലബാർ മിൽമ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ചെയർമാൻസ് ക്ലബ്' അംഗങ്ങളായ മിൽമ ഡീലർമാരുടെ പ്രതിവർഷ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 500 ലിറ്ററിലധികം പാൽ പ്രതിദിനം വിൽക്കുന്ന മിൽമ ഡീലർമാരാണ് ചെയർമാൻസ് ക്ലബ് അംഗങ്ങൾ. ചടങ്ങിൽ മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് ക്ഷീര കർഷകരുടെ ജീവിതത്തിന് കരുത്തേകുന്നവരാണ് മിൽമ വിതരണക്കാരെന്ന് ജെയിംസ് പറഞ്ഞു. മിൽമ ഡീലർമാർക്കുള്ള വെർച്വൽ അക്കൗണ്ട് നമ്പർ ആക്ടിവേഷന്റെ ഉദ്ഘാടനം കെ.എസ് മണി, കെ. സി ജെയിംസ്, എസ്.ബി.ഐ ഡി.ജി.എം സഞ്ജീവ് ടി.വി എന്നിവർ ചേർന്ന് നിർവഹിച്ചു. ചെയർമാൻസ് ക്ലബ് ഡീലർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കെ.എസ് മണി നിർവഹിച്ചു. മേഖലാ യൂണിയൻ മാർക്കറ്റിംഗ് മാനേജർ സജീഷ് എം. സ്വാഗതവും കോഴിക്കോട് ഡെയറി മാർക്കറ്റിംഗ് മേധാവി സന്തോഷ് പി.ആർ. നന്ദിയും പറഞ്ഞു.