'പൊലീസും നിയമസംവിധാനവും മാത്രം ശ്രമിച്ചാൽ ലഹരിവിമുക്ത സമൂഹം സൃഷ്‌ടിക്കാനാകില്ല', വേണ്ടതെന്തെന്ന് വ്യക്തമാക്കി മന്ത്രി ശിവൻകുട്ടി

Tuesday 13 May 2025 10:33 PM IST

തിരുവനന്തപുരം: പൊലീസും മറ്റ് നിയമസംവിധാനങ്ങളും മാത്രം ശ്രമിച്ചാൽ സമ്പൂർണ്ണ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കാൻ കഴിയില്ലെന്നും അതിന് മനസ്സുള്ള, ജാഗ്രതയുള്ള, ഉത്സാഹമുള്ള യുവതലമുറയുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എസ്.പി.സി കേഡറ്റുകൾ പങ്കെടുക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായ 'ലീഡർഷിപ്പ് ഡെവലപ്പ്‌മെന്റ് സമിറ്റ്'ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള പൊലീസ് ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ഇന്ന് ലോകം തന്നെ അഭിമാനത്തോടെ നോക്കുന്ന ഒരു മാതൃകാപദ്ധതിയായി മാറി. പഠനത്തോടൊപ്പം സാമൂഹികബോധവും നിയമാനുസൃതമായ ജീവിതശൈലിയും പിൻതുടരുന്ന കുട്ടികളെ പാകപ്പെടുത്തുന്നതിനായുള്ള ഈ പദ്ധതി നമ്മുടെ വിദ്യാലയങ്ങളിലേക്കെത്തിയത് അഭിമാനകാര്യമാണെന്നും മന്ത്രി പറഞ്ഞു. ഗുരുതരമായ പ്രശ്നങ്ങൾക്കെതിരേ പ്രവർത്തിക്കാനുള്ള വലിയ ഉത്തരവാദിത്വം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ സാമൂഹിക ഉത്തരവാദിത്തത്തെ അംഗീകരിച്ചാണ് സർക്കാർ എസ്.പി.സി കേഡറ്റുകളെ ആന്റിഡ്രഗ് അംബാസിഡർമാരായി പ്രഖ്യാപിച്ചത്.

ലഹരിക്കെതിരെ എല്ലാ തലങ്ങളിലും ജാഗ്രത പുലർത്തേണ്ടത് ഒരു കടമയായി മാറുന്നു. എസ്.പി.സി കേഡറ്റുകൾ ഈ കൃത്യത്തിൽ മുൻപന്തിയിലായിരിക്കുകയാണ്. സർക്കാർ ഈ പദ്ധതിയെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാൻ മുൻകൈയെടുക്കും. ഓരോ എസ്.പി.സി കേഡറ്റും അവരുടെ വിദ്യാഭ്യാസജീവിതത്തിലും ഭാവിയിലും ആത്മവിശ്വാസവും സമർപ്പണബോധവും വളർത്തി നാടിന്റെ അഭിമാനമായി മാറുമെന്ന് വിശ്വസിക്കുന്നുവെന്നും കേഡറ്റുകളായി ഓരോരുത്തരും എടുത്തിരിക്കുന്ന പ്രതിജ്ഞ ജീവിതത്തിലും സമൂഹത്തിനും നേട്ടം നൽകുന്ന തരത്തിൽ നിറവേറ്റുവാൻ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.