ബട്ട്‌ലർ വരും, ബട്ട്...
മുംബയ് : ഐ.പി.എൽ ഒരാഴ്ചത്തേക്ക് നിറുത്തിയതിനെത്തുടന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങൾ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും ഇംഗ്ളണ്ടുകാരായ താരങ്ങളുടെ കാര്യത്തിൽ ഇനിയും ഉറപ്പായില്ല. മേയ് 17ന് സീസൺ പുനരാരംഭിക്കും മുമ്പ് ഓസ്ട്രേലിയ , ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മിക്ക താരങ്ങളും മടങ്ങിവരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ ഇംഗ്ളണ്ട് താരങ്ങൾക്ക് ദേശീയ ടീമിന്റെ മത്സരമുള്ളതിനാൽ പ്രയാസം അറിയിച്ചിരിക്കുകയാണ്. മേയ് 29ന് ഇംഗ്ളണ്ടും വിൻഡീസും തമ്മിലുള്ള ഏകദിന പരമ്പര തുടങ്ങുന്നതിനാലാണ് ഗുജറാത്ത് ടൈറ്റാൻസ് ടീമിന്റെ ഓപ്പണർജോസ് ബട്ട്‌ലറടക്കമുള്ള ഇംഗ്ളീഷ് താരങ്ങളുടെ വരവ് പ്രതിന്ധിയിലായത്. അഥവാ ബട്ട്‌ലർ വന്നാലും പ്ളേ ഓഫ് മത്സരങ്ങൾക്ക് നിൽക്കാതെ മടങ്ങേണ്ടിവരും എന്നതാണ് നിലവിലെ അവസ്ഥ.
ജോസ് ബട്ട്ലർ,ആർ.സി.ബിയുടെ ജേക്കബ് ബെഥേൽ,മുംബയ് ഇന്ത്യൻസിന്റെ വിൽ ജാക്സ് എന്നിവർ വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ളണ്ട് ടീമിലുണ്ട്. താരലേല സമയത്ത് ഉണ്ടാക്കിയ കരാർ അനുസരിച്ച് ഐ.പി.എല്ലിൽ കളിക്കുന്ന സമയത്ത് ദേശീയ ടീമിൽ ഉൾപ്പെടുത്തില്ലെന്ന് ഇംഗ്ളണ്ട് ഉറപ്പുനൽകിയിരുന്നു. എന്നാൽ അതിർത്തിയിലെ സംഘർഷം കാരണം ഐ.പി.എൽ ഷെഡ്യൂൾ മാറ്റിയതോടെ തങ്ങൾക്ക് താരങ്ങളെ അയയ്ക്കാൻ കഴിയില്ലെന്ന നിലപാടിലേക്ക് ഇംഗ്ളണ്ട് ബോർഡ് നീങ്ങുകയായിരുന്നു. രാജസ്ഥാൻ റോയൽസിന്റെ ജൊഫ്ര ആർച്ചർ, ചെന്നൈ സൂപ്പർ കിംഗ്സിന്റെ ജാമീ ഓവർട്ടൺ എന്നിവരും ഏകദിന ടീമിലുണ്ട്.എന്നാൽ ഈ ടീമുകൾ പ്ളേഓഫിൽ നിന്ന് പുറത്താതിക്കഴിഞ്ഞതിനാൽ ഇവരുടെ അഭാവം വലുതായി ബാധിക്കില്ല. വെസ്റ്റ് ഇൻഡീസ് ഏകദിന ടീമിലുള്ള റൊമാരിയോ ഷെപ്പേഡ് (ആർ.സി.ബി),ഷെർഫാനേ റൂതർഫോഡ് (ഗുജറാത്ത് ടൈറ്റൻസ് ) എന്നിവരുടെ വരവും വിഷമത്തിലാണ്.
അതേസമയം ഗുജറാത്തിന്റെ ദക്ഷിണാഫ്രിക്കൻ താരം ജെറാൾഡ് കോറ്റ്സെ തിരിച്ചെത്തും. സൺറൈസേഴ്സിന്റെ ഓസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും യാത്ര തിരിച്ചിട്ടുണ്ട്. കൊൽക്കത്തയുടെ വിൻഡീസ് താരങ്ങളായ സുനിൽ നരെയ്നും ആന്ദ്രേ റസലും 17ന് ആർ.സി.ബിക്ക് എതിരായ മത്സരത്തിൽ കളിക്കാനുണ്ടാവും. പഞ്ചാബ് കിംഗ്സിന്റെ വിദേശതാരങ്ങളായ സേവ്യർ ബാർലെറ്റ്, അസ്മത്തുള്ള ഒമർസായ്,മിച്ചൽ ഓവൻ എന്നിവർ തിരിച്ചുവരുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയൻ താരങ്ങളായ മാർക്കസ് സ്റ്റോയ്നിസ്, ഇംഗിലിസ്, ദക്ഷിണാഫ്രിക്കൻ താരം മാർക്കോ യാൻസൻ എന്നിവർ തിരിച്ചുവരവ് ഉറപ്പ്നൽകിയിട്ടില്ല.