ഐ.എസ്.ഐ ഗുണനിലവാര പരിശോധനയില്ല : കുപ്പിവെള്ളം കലങ്ങും

Wednesday 14 May 2025 12:54 AM IST

പത്തനംതിട്ട : ഐ.എസ്.ഐ ഗുണനിലവാര മുദ്ര വേണമെന്ന നിയമം കേന്ദ്രസർക്കാർ പിൻവലിച്ചതോടെ കുപ്പിവെള്ള വിപണിയുടെ വിശ്വാസ്യത നഷ്ടമാകുമെന്ന് ആശങ്ക. 2002 മുതലാണ് പാക്കേജിഡ് ഡ്രിങ്കിംഗ് വാട്ടർ ഉത്പാദിപ്പിച്ച് വിൽപ്പന നടത്താൻ ബി.ഐ.എസിന്റെ ഗുണനിലവാര മുദ്ര യായ ഐ.എസ്.ഐ ലൈസൻസ് നിർബന്ധമാക്കിയത്. കുപ്പിവെള്ളത്തിൽ കൂത്താടി കണ്ടെത്തിയതോടെയാണ് ഗുണനിലവാര പരിശോധന കർശനമാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നത്. എന്നാൽ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ കമ്പനികളിൽ നിന്ന് വ്യാപകമായി പണവും പാരിതോഷികവും കൈപ്പറ്റുകയും പരിശോധനയിൽ തട്ടിപ്പ് നടത്താൻ വഴിവിട്ട് സഹായം ചെയ്യുകയും ചെയ്തതായി ആരോപണമുയർന്നു. വർഷാവർഷം നടത്തുന്ന കമ്പിനികളിലെ പരിശോധനയ്ക്കും ലൈസൻസിനുമായി രണ്ടര ലക്ഷത്തിലധികം രൂപയാണ് കമ്പിനി ഉടമകൾ ചെലവഴിക്കേണ്ടി വന്നത്. ഇതേതുടർന്ന് കമ്പനികൾ കേന്ദ്രസർക്കാരിന് തുടർച്ചയായി പരാതി നൽകുകയും പരിശോധനയിൽ പരാതിക്ക് അടിസ്ഥാന മുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഐ.എസ്.ഐ മുദ്ര നിർബന്ധമില്ലെന്ന നിയമം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്.

ഫുഡ് സേഫ്റ്റിയുടെ 'ഫാസി' മതി

2025 ജനുവരി മുതൽ കേന്ദ്ര സർക്കാർ ഐ.എസ്.ഐ നിയമം നിർബന്ധമല്ലാതാക്കിയതോടെ കുപ്പി വെള്ളം വിൽപന നടത്തുന്നതിന് ഫുഡ് സേഫ്റ്റിയുടെ ഫാസി (എഫ്.എസ്.എസ്.എ.ഐ) സർട്ടിഫിക്കറ്റ് മാത്രം മതി. ഫുഡ് സേഫ്റ്റി ആറ് മാസത്തിലൊരിക്കൽ കമ്പനികളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാമ്പിളുകുൾ ശേഖരിച്ച് പരിശോധിക്കും. ഈ സാമ്പിൾ പരിശോധനയിൽ വിജയിച്ചില്ലെങ്കിൽ നോട്ടീസ് നൽകി ഒരവസരം കൂടി നൽകും. അതിലും വിജയിച്ചില്ലെങ്കിൽ മാത്രമാണ് കമ്പനിയെ കുപ്പിവെള്ള വിതരണത്തിൽ നിന്ന് തടയുക. അഞ്ചു വർഷത്തെ ലൈസൻസിന് 25000 രൂപ അടച്ചാൽ മതിയെന്നതും വ്യാപാരികൾക്ക് ഏറെ ഗുണകരമാണ്.

പരിശോധനകൾ ഇങ്ങനെ

ഐ.എസ്.ഐ മുദ്രണം -

റേഡിയോ ആക്ടിവിറ്റി ടെസ്റ്റ്, മൈക്രോ ബയോളജി ടെസ്റ്റ് , കെമിക്കൽ ടെസ്റ്റ് എന്നിവ നടത്തും. ആറ് മാസത്തിലൊരിക്കൽ വിപണികളിൽ നിന്നും വർഷത്തിലൊരിക്കൽ കമ്പനികളിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധിക്കും.

എഫ്.എസ്.എസ്.എ.ഐ മുദ്രണം -

മൈക്രോ ബയോളജി ടെസ്റ്റ് , കെമിക്കൽ ടെസ്റ്റ് എന്നിവ വർഷത്തിലൊരിക്കൽ കമ്പനികളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് നടത്തും. മാർക്കറ്റുകളിലെ പരിശോധനയ്ക്ക് കാലപരിധിയില്ല.