എന്റെ കേരളം പ്രദർശന വിപണന കലാമേള ഒരുക്കം അവസാന ഘട്ടത്തിൽ
പത്തനംതിട്ട : രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന കലാമേളയുടെ ഒരുക്കം അവസാന ഘട്ടത്തിൽ. പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ മേളയ്ക്കായി ഒരുങ്ങുന്നത് ജർമൻ ഹാംഗറിൽ നിർമിച്ച 71,000 ചതുരശ്രയടി പവലിയനാണ്. കിഫ്ബിക്കാണ് നിർമാണ ചുമതല. 16 മുതൽ 22 വരെയാണ് മേള. രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ പ്രവേശനം. സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശീതികരിച്ച 186 സ്റ്റാളുകളുണ്ട്. സംസ്ഥാനം കൈവരിച്ച നേട്ടം, ആധുനിക സാങ്കേതിക വിദ്യയുടെ പരിചയപ്പെടുത്തൽ, കാർഷിക പ്രദർശന വിപണന മേള, സാംസ്‌കാരിക കലാപരിപാടി, സെമിനാർ, കരിയർ ഗൈഡൻസ്, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയവ സംഘടിപ്പിക്കും. 45,000 ചതുരശ്രയടിയാണ് സ്റ്റാളുകൾക്കുള്ളത്. ഓരോ സ്റ്റാളും 65 ചതുരശ്രഅടി വീതമുണ്ട്. രാജ്യത്തെ വൈവിദ്ധ്യമാർന്ന രുചികൂട്ടുകളുമായി മെഗാ ഭക്ഷ്യമേളയാണ് പ്രധാന ആകർഷണം. കുടുംബശ്രീക്കാണ് ചുമതല. സാംസ്‌കാരിക കലാപരിപാടിക്കായി 8000 ചതുരശ്രയടിയിൽ വിശാലമായ സദസുണ്ട്. ഇതിനോട് ചേർന്നാണ് ഭക്ഷ്യമേള. ഒരേസമയം 250 പേർക്ക് കലാപരിപാടി വീക്ഷിച്ച് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്.
പ്രധാന ആകർഷണങ്ങൾ
- അഞ്ച് ജർമൻ ഹാംഗറുകളിലാണ് പവലിയന്റെ നിർമാണം.
- 660 ടൺ എ.സിയിലാണ് പ്രവർത്തനം.
- പൊലിസ് ഡോഗ് ഷോ, കൃഷി അനുബന്ധ ഉപകരണങ്ങളുടെ പ്രദർശനം എന്നിവയ്ക്കായി തുറസായ സ്ഥലം
- കൃഷി ഉപകരണങ്ങളും കാർഷിക വിളകളും പ്രദർശിപ്പിക്കും.
- സാംസ്‌കാരിക കലാപരിപാടികളും ഭക്ഷ്യമേളയും പ്രത്യേക പവലിയനിൽ
- ഭിന്നശേഷിക്കാർക്കുൾപ്പെടെ സ്റ്റാളുകൾക്കിടയിൽ സുഗമമായ സഞ്ചരിക്കാനാകും.
- 1500 ചതുരശ്രയടിയിലുള്ള ശീതീകരിച്ച മിനി സിനിമാ തിയേറ്റർ
- സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 25 ബയോ ടോയ്‌ലറ്റുകൾ
- മാലിന്യ നിർമാർജനം ശുചിത്വ മിഷൻ നിർവഹിക്കും.
- മുഴുവൻ സമയവും മെഡിക്കൽ സംഘമുണ്ടാകും.
ഉദ്ഘാടനം 16ന്
16ന് വൈകിട്ട് 5ന് മന്ത്രി വീണാ ജോർജ് പ്രദർശന വിപണന കലാമേള ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി തോമസ്, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.