ഗുരുദേവജയന്തി ലോക സാഹോദര്യ ദിനമായി പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തണം: എം.കെ.രാഘവൻ എം.പി
കോഴിക്കോട്: ഗുരുദേവജയന്തി ലോക സാഹോദര്യ ദിനമായി പ്രഖ്യാപിക്കാൻ ഐക്യ രാഷ്ട്ര സംഘടനയിൽ കേന്ദ്ര സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ രണ്ടാമത് തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ ചെറുപ്പത്തിലേ തന്നെ ഗുരുദേവന്റെ ശിഷ്യനായി മാറിയ ചൈതന്യ സ്വാമികളുടെ തപസ് കൊണ്ട് ധന്യമായ ഈ ആശ്രമത്തിന്റെ പുരോഗതി സമൂഹത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.കേളപ്പജിയുടെ കൂടെ മലബാർ ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും കൊട്ടിയൂർ ക്ഷേത്രത്തിന്റെ വികസനത്തിന് നേതൃത്വം നൽകുകയും ചെയ്ത പഴനി ശ്രീ നാരായണ ധർമ്മ ആശ്രമ സമിതി സെക്രട്ടറി കെ. കുഞ്ഞിരാമനെ എംകെ രാഘവൻ എം പി ആദരിച്ചു. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ ,മുൻ യോഗം കൗൺസിലർ എ.പി മുരളീധരൻ, രാജീവ് കുഴിപ്പള്ളി, കെ ബിനുകുമാർ, എം. സുരേന്ദ്രൻ, എം രാജൻ, ശാലിനി ബാബുരാജ്, സുജ നിത്യാനന്ദൻ, ഷമീന ടി കെ , പി കെ വിമലേശൻ എന്നിവർ പ്രസംഗിച്ചു.