ശബരിമല ബസ് മുടക്കം: കെ.എസ്.ആർ.ടി.സി വിശദീകരിക്കണം
കൊച്ചി: ശബരിമല ഉത്സവ-വിഷുവിളക്ക് മഹോത്സവത്തിനിടെ മുന്നറിയിപ്പില്ലാതെ നിലയ്‌ക്കൽ - പമ്പ ബസ് സർവീസ് മുടക്കിയതിന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി വിശദീകരണം തേടി. ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി.
നിലക്കലിലെ പമ്പിൽ ഡീസലില്ലെന്ന് പറഞ്ഞ് ഏപ്രിൽ 16ന് വൈകിട്ട് ഏഴിനാണ് പമ്പയിലേക്കുള്ള സർവീസ് മുടങ്ങിയത്. ദേവസ്വം ബോർഡിന്റെ പമ്പയിലെയും നിലയ്‌ക്കലിലേയും പമ്പുകളിൽ ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്. മാസ പൂജയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലുള്ള കാര്യങ്ങളിൽ നിലപാടറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനും കോടതി നിർദ്ദേശം നൽകി.
14 ചാക്ക് കീറിയ നോട്ട്
ഭണ്ഡാരത്തിൽ 14 ചാക്ക് കീറിയ നോട്ടുണ്ട്. വലിയ തോതിൽ വിദേശ നാണയങ്ങളും വിളക്കുകളും മണികളും ഇവിടെ തള്ളിയിട്ടുണ്ട്. വിളക്കുകളും മണികളും ലേലം ചെയ്യണം.
പമ്പയിലെ കോഫി ഷോപ്പിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയുണ്ടായി. തുടർന്ന് ഹോട്ടലുകൾ പരിശോധിച്ച് പിഴയിട്ടു
സന്നിധാനത്ത് പുതിയ കുളത്തിന്റെ നിർമ്മാണം തുടങ്ങി.
ശബരി ഗസ്റ്റ് ഹൗസിലും ഡോണർ ഹൗസിലും മുറിയിൽ തേങ്ങ ഉടയ്‌ക്കുന്നതിനാൽ തറയോടുകൾ പൊട്ടുന്നു. ഇതിന്റെ തുക മുറിയെടുക്കുന്നവരിൽ നിന്ന് ഈടാക്കണം.
ഡോണർ ഹൗസിലെ പല മുറികൾക്കും അറ്റകുറ്റപ്പണി ആവശ്യമാണ്.
ശബരി ഗസ്റ്റ് ഹൗസിലും ശിവശക്തിയിലും രണ്ട് മുറികൾ കുമരൻ സിൽക്ക്‌സ് സ്ഥിരമായി കൈവശം വച്ചിരിക്കുകയാണ്. ഉചിതമായ നടപടി വേണം.