കോഴിക്കോട് കനാൽ സിറ്റി പദ്ധതി അടുത്ത വർഷം തുടങ്ങും: മുഖ്യമന്ത്രി
-
10 ഏക്കർ ഏറ്റെടുക്കും. മൂന്ന് വർഷത്തിനകം പൂർത്തിയാക്കും.
-
- കോഴിക്കോട്: കോഴിക്കോട് കനാൽ സിറ്റി പദ്ധതി നിർമ്മാണം അടുത്ത വർഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടന്ന ജില്ലാതല യോഗത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 14 മീറ്റർ വീതിയിലുള്ള പദ്ധതിക്കായി പത്തേക്കർ ഭൂമി ഏറ്റെടുക്കും. 1,118 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി മൂന്ന് വർഷം കൊണ്ട് പൂർത്തീകരിക്കും. ബേപ്പൂർ തുറമുഖത്തിന്റെ വികസനവും പരിഗണനയിലുണ്ട്. വലിയ കപ്പൽ അടുപ്പിക്കാനുള്ള ആഴംകൂട്ടൽ ഉൾപ്പെടെ നടത്താൻ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി. പത്ത് മീറ്റർ ആഴം കൂട്ടുന്ന പ്രവൃത്തികളുടെ പാരിസ്ഥിതിക ആഘാത പഠനം നടത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയെ ചുമതലപ്പെടുത്തി. മഴക്കാല പഠനം ഉൾപ്പെടെ നടത്തി ഒക്ടോബറിൽ പൂർത്തിയാക്കും. കേരളത്തിൽ എയിംസ് കൊണ്ടുവരാൻ ശ്രമിക്കുന്നു.
കോഴിക്കോട് സൈബർ പാർക്കിൽ 885 കോടിയുടെ സ്വകാര്യ നിക്ഷേപത്തിന് വിവിധ കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതുവഴി14,965 തൊഴിലവസരങ്ങളുണ്ടാകും. ബേപ്പൂർ വൈക്കം മുഹമ്മദ് ബഷീർ സ്മാരക നിർമ്മാണം അവസാനഘട്ടത്തിലാണ്. ജില്ലയിൽ 5,381 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു.
-
വിലങ്ങാട് പുനരധിവാസം
വിലങ്ങാട് ദുരിതബാധിതരുടെ പുനരധിവാസം മികച്ച രീതിയിൽ പൂർത്തിയാക്കും. വീട് പൂർണമായി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതവും മരിച്ചവരുടെ ആശ്രിതർക്ക് 6 ലക്ഷം വീതവും 488 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപയും നൽകി. ജീവനോപാധി നഷ്ടപ്പെട്ട 77 കുടുംബങ്ങൾക്ക് ദിവസം 300 രൂപ വീതവും നൽകി.
-
വയനാട് തുരങ്കപാത: തടസമില്ല
വയനാട് തുരങ്കപാതയ്ക്ക് തടസങ്ങളൊന്നുമില്ല. ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ച് ഇ.പി.സി ടെൻഡർ ചെയ്തിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ പ്രവൃത്തി വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ ഉൾപ്പെടെ നടക്കുന്നു. വെങ്ങളം- രാമനാട്ടുകര റീച്ചിൽ 95 ശതമാനവും അഴിയൂർ-വെങ്ങളം റീച്ചിൽ 65 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചു.
-
അവയവമാറ്റ ആശുപത്രി
കോഴിക്കോട്ട് അവയവമാറ്റ ആശുപത്രി സ്ഥാപിക്കാൻ 558.68 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. ചേവായൂരിലെ ത്വക്രോഗ ആശുപത്രി ക്യാമ്പസിൽ കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയാവുന്നതിന് കാത്തുനിൽക്കാതെ മെഡിക്കൽ കോളേജിന്റെ സൗകര്യം ഉപയോഗിച്ച് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നു.
വികസനത്തിന്റെ യഥാർത്ഥ ചിത്രം മറച്ചു വയ്ക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഒമ്പത് വർഷത്തിനിടെ സർവ മേഖലകളിലും പുരോഗതിയുണ്ടായെന്നും എന്നാലതിന്റെ യഥാർത്ഥ ചിത്രം ജനങ്ങൾക്ക് മുന്നിൽ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധി കാരണം വികസനത്തിനുൾപ്പെടെ തടസമുണ്ടാകുന്നുവെന്ന പ്രചാരണം ശരിയല്ല. 2026ൽ നവകേരളം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ പാർക്കിന് പുറമെ 200 കോടി വീതം ചെലവിട്ട് മൂന്ന് സയൻസ് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഐ.ടി പാർക്കുകളിലെ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം വർദ്ധിപ്പിച്ചു. സ്റ്റാർട്ടപ്പുകൾ മൂവായിരത്തിൽ നിന്ന് 6300 ആയി. 5800 കോടിയുടെ നിക്ഷേപവും 60,000 തൊഴിലവസരങ്ങളുമുണ്ടായി. ദേശീയ തലത്തിൽ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഗ്രഫീൻ ഇന്നൊവേഷൻ സെന്റർ, കൊച്ചി വാട്ടർ മെട്രൊ, തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് എന്നിവയെല്ലാം കേരളത്തിന്റെ സംഭാവനകളാണ്. ഇന്നൊവേഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജിനോ ഡാറ്റ സെന്റർ, മെഡിക്കൽ ടെക്നോളജി കൺസോർഷ്യം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ തയാറെടുപ്പുകൾ നടന്നു വരുന്നു. നിരവധി സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മൂന്ന് വർഷംകൊണ്ട് നികുതി വരുമാനം 47,000 കോടിയിൽനിന്ന് 81,000 കോടിയിലേക്കും തനത് വരുമാനം 55,000 കോടിയിൽനിന്ന് 1,04,000 കോടിയിലേക്കുമെത്തി. 4.25 ലക്ഷത്തോളം മുൻഗണന കാർഡുകൾ ലഭ്യമാക്കി. 6,80,000 പേർക്ക് ചികിത്സ ധനസാഹയം നൽകി. ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചു. ലൈഫ് മിഷനിൽ നാലര ലക്ഷത്തിലധികം വീടുകൾ നൽകി. പട്ടയ വിതരണം നാല് ലക്ഷം കടന്നു. ആരോഗ്യ രംഗത്തും പുരോഗതിയുണ്ടായി. കാർഷിക രംഗത്തെ വളർച്ച 4.64 ശതമാനമായി. നവംബർ ഒന്നിന് ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനിരിക്കുകയാണെന്നും പറഞ്ഞു.
വികസനത്തിന്റെ വേഗം കൂട്ടാൻ ശ്രമം: മന്ത്രി റിയാസ്
കോഴിക്കോട്: ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും അതിലൂടെ മികച്ച തീരുമാനങ്ങളെടുത്ത് നടപ്പാക്കാനുമുള്ള ശ്രമമാണ് ഒമ്പത് വർഷമായി സർക്കാർ നടത്തുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായുള്ള ജില്ലാതല യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കാനാണ് ശ്രമം. 2016ൽ സർക്കാർ അധികാരത്തിൽ വന്നശേഷം കോഴിക്കോട് ജില്ലയുടെ വികസനത്തിന് വലിയ പരിഗണന നൽകുന്നുണ്ടെന്നും പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ്, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ഇ.കെ. വിജയൻ, പി.ടി.എ. റഹീം, കെ.പി. കുഞ്ഞഹമ്മദ് കുട്ടി, കെ. സച്ചിൻദേവ്, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.