കാലവർഷം ആൻഡമാനിൽ: 27ന് കേരളം തൊട്ടേക്കും
Wednesday 14 May 2025 1:48 AM IST
തിരുവനന്തപുരം: ആൻഡമാനിൽ ഇന്നലെയെത്തിയ കാലവർഷം 27ന് കേരള തീരം തൊട്ടേക്കും. സാധാരണ ജൂൺ ഒന്നിനാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തുന്നത്. 2009ലാണ് മുമ്പ് കാലവർഷം നേരത്തെ എത്തിയത്. ആൻഡമാനിൽ സാധാരണയായി മേയ് 22 നാണ് കാലവർഷമെത്തുന്നത്. ഇത്തവണ ഒരാഴ്ച മുമ്പേ എത്തി.
കേരളത്തിൽ ഇത്തവണ കാലവർഷത്തിൽ 880 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. സാധാരണ 750 മുതൽ 800 മില്ലിമീറ്റർ വരെ മഴയാണ് ലഭിക്കുക. വരും ദിവസങ്ങളിൽ തെക്കൻ അറബിക്കടൽ, മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ കടലിന്റെ ഭാഗങ്ങൾ, മദ്ധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കും.