നിപ: ജാഗ്രത തുടർന്ന് ആരോഗ്യവകുപ്പ്

Wednesday 14 May 2025 12:57 AM IST

മലപ്പുറം: വളാഞ്ചേരിയിൽ നിപ ബാധ സ്ഥിരീകരിച്ചത് മുതൽ കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. മുഴുവൻ വീടുകളും കയറിയുള്ള ഫീവർ സർവൈലൻസ് സർവേ പൂർത്തിയായി. 4,749 വീടുകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. പനി അടക്കമുള്ള നിപ ലക്ഷണങ്ങളുണ്ടോ, സമീപ കാലങ്ങളിൽ അസ്വാഭാവികമായ രീതിയിൽ വളർത്ത് മൃഗങ്ങൾ ചത്തിട്ടുണ്ടോ, വവ്വാലിന്റെ സാന്നിദ്ധ്യമുണ്ടോ എന്നിവ സർവേയിലൂടെ ചോദിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ചത്ത നിലയിൽ കണ്ടെത്തിയ മൃഗങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചെങ്കിലും അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ല. പനിയുള്ളവരെ ഇടയ്ക്കിടെ വിളിച്ച് വിവരം അന്വേഷിക്കുന്നുണ്ട്. പനി, ഛർദ്ദി, മറ്റ് നിപ രോഗലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ നടത്താതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർവേ സമയത്ത് അടഞ്ഞ് കിടന്ന വീടുകളിലുള്ളവരെ വീണ്ടും അധികൃതർ ബന്ധപ്പെടുന്നുണ്ട്. വീടുകളിൽ തിരിച്ചെത്തിയാലുടൻ അവരെ സമീപിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുകയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ, ആശാവർക്കർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന 120ഓളം പേരാണ് ഫീൽഡ് സർവേയ്ക്ക് നേതൃത്വം നൽകിയത്. കണ്ടെയ്ൻമെന്റ് സോണുകളായ നാല് തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകളിലുള്ളവർ മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ആളുകൾ കൂട്ടം കൂടുന്നതും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിപ ബാധിച്ച് വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേർക്ക് പ്രൊഫൈലാക്സിസ് ചികിത്സ നൽകി വരുന്നുണ്ട്. സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ അവബോധ പ്രവർത്തനങ്ങൾ തുടരാനും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തനങ്ങൾ തുടരാനും മന്ത്രി വീണാ ജോർജ്ജ് നിർദ്ദേശം നൽകിയിട്ടുണ്ട്.