അഷ്ടമുടി കായലിൽ ഇനി സംഗീത, നൃത്ത ജലധാര
കൊല്ലം: അഷ്ടമുടി കായലിനെ കൂടുതൽ ആകർഷകമാക്കാൻ സംഗീത, നൃത്ത ജലധാര (മ്യൂസിക്കൽ ഡാൻസിംഗ് ഫൗണ്ടൻ) ഒരുങ്ങുന്നു. കൊല്ലം കോർപ്പറേഷന്റെ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി അഷ്ടമുടി കായൽ സംരക്ഷിക്കുന്നതിന് ആരംഭിച്ച 'ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി' പദ്ധതിയുടെ ഭാഗമായാണ് ജലധാര സ്ഥാപിക്കുന്നത്.
സംഗീതത്തിനനുസരിച്ച് ജലധാരയും വർണവിളക്കുകളുമായി കണ്ണിന് വിരുന്നേകുന്ന പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ജലധാര മൈസൂർ വൃന്ദാവൻ ഗാർഡനിലെ സംഗീത ജലധാരയ്ക്ക് സമാനമായ കാഴ്ചയാകും. കുമാരനാശാൻ സ്മാരക പുനർജനി പാർക്കിന് അഭിമുഖമായി മാലിന്യങ്ങൾ നീക്കി വൃത്തിയാക്കിയ കായൽ വെള്ളത്തിലാണ് ജലധാര സ്ഥാപിക്കുക.
ജില്ലയിലെ രണ്ടാമത്തെ ജലധാരയാണ് അഷ്ടമുടി കായലിൽ നിർമ്മിക്കുന്നത്. തെന്മല ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി തെന്മലയിലാണ് ആദ്യത്തെ സംഗീത ജലധാരയുള്ളത്. തീരദേശവികസന കോർപ്പറേഷനാണ് നിർവഹണ ഏജൻസി.
മ്യൂസിക്കൽ ഫൗണ്ടന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചു. ഉടൻ പ്രവർത്തന സജ്ജമാകും.
ഹണി ബെഞ്ചമിൻ, മേയർ
നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. കൂടുതൽ ആകർഷണീയമാക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ കൂടി പരിശോധിക്കുന്നുണ്ട്.
തീരദേശ വികസന കോർപ്പറേഷൻ അധികൃതർ