കൊലയ്ക്കും കൂട്ടക്കൊലയ്ക്കും എളുപ്പമല്ല വധശിക്ഷ

Wednesday 14 May 2025 2:41 AM IST

തിരുവനന്തപുരം: മാതാപിതാക്കളെ ഉൾപ്പെടെ നാലുപേരെ കൂട്ടക്കുരുതി ചെയ്ത കേഡലിന് വധശിക്ഷ കിട്ടാത്തത് എന്തുകൊണ്ട്?​ ഒന്നിലേറെ കൊലപാതകങ്ങൾ നടത്തിയ കേസിലാണെങ്കിലും കഴിയുന്നതും വധശിക്ഷ ഒഴിവാക്കണമെന്നാണ് സുപ്രീകോടതി വിധികൾ വ്യക്തമാക്കുന്നത്. പ്രതിക്കു തെറ്റു തിരുത്താനുള്ള അവസരം നൽകണമെന്ന് ജനുവരി 31ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. പ്രതി കുറ്റം ചെയ്തുവെന്നു വ്യക്തമാണെങ്കിലും മുൻപു കുറ്റം ചെയ്തിട്ടില്ല, സ്വയം മെച്ചപ്പെടാനുള്ള സാദ്ധ്യത എന്നിവയെല്ലാം പരിഗണിക്കണം. അത്യപൂർവ കുറ്റങ്ങളിലല്ലാതെ വധശിക്ഷ പാടില്ലെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.

ഭീകരവാദം ഒഴികെയുള്ള കുറ്റകൃത്യങ്ങളിൽ വധശിക്ഷ നിരോധിക്കണമെന്ന് 262-ാമത് നിയമകമ്മിഷൻ റിപ്പോർട്ടുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷാഭിപ്രായത്തിനല്ല ഭരണഘടനാപരമായി കോടതിയെത്തുന്ന നിഗമനങ്ങൾക്കാണ് പ്രധാന്യമെന്നും ഒരാളുടെ ജീവനെടുക്കുന്ന ശിക്ഷ വിധിക്കുമ്പോൾ ഉന്നതമായ ഭരണഘടനാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ചത്തീസ്ഗഡിലെ ഛന്നുലാൽ വർമ്മ കേസിൽ ജസ്റ്റിസ് കുര്യൻജോസഫാണ് ഇത് വ്യക്തമാക്കിയത്.

വധശിക്ഷയ്ക്കു പകരം അവസാനശ്വാസം വരെ ഒരു ഇളവുമില്ലാത്ത ജീവപര്യന്തം തടവ് വിധിക്കാമെന്ന് സുപ്രീംകോടതി 2022ൽ വ്യക്തമാക്കിയിരുന്നു. വധശിക്ഷയ്ക്കു പകരം പ്രത്യേക ശിക്ഷാവിധിയുണ്ടാക്കാൻ കോടതിക്ക് കഴിയില്ല. എന്നാൽ,​ ചില പ്രത്യേക സാഹചര്യങ്ങളിൽ വധശിക്ഷയ്ക്ക് പകരം ജീവിതാവസാനം വരെ ഒരു ഇളവുമില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ നൽകാമെന്ന് വി. ഹരിഹരൻ കേസിലെ വിധി ചൂണ്ടിക്കാട്ടി സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

പകവീട്ടുംപോലെ ആവരുത് വിധി

വിചാരണക്കോടതികൾ പക വീട്ടുംപോലെ വധശിക്ഷ വിധിക്കരുത്. ശിക്ഷായിളവ് സാദ്ധ്യമാക്കുന്ന കാര്യങ്ങൾ വിചാരണഘട്ടത്തിൽ തന്നെ ശേഖരിക്കണം. കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കി മാത്രം വിചാരണക്കോടതികൾ ശിക്ഷ വിധിക്കരുത്. പ്രതിയുടെ മാനസികവും മനഃശാസ്‌ത്രപരവുമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാവണം ശിക്ഷ. സുപ്രീംകോടതിയുടെ മാർഗ്ഗരേഖയിൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.

39 പേർ

കേരളത്തിൽ വധശിക്ഷ കാത്തുകഴിയുന്നു

1991

കേരളത്തിൽ വധശിക്ഷ ഒടുവിൽ നടപ്പാക്കിയത് (റിപ്പർചന്ദ്രൻ)

98

രാജ്യങ്ങളിൽ വധശിക്ഷ നിറുത്തലാക്കി