യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
കൊല്ലം: വാക്ക് തർക്കത്തെ തുടർന്നുണ്ടായ വിരോധത്തിൽ യുവാവിനെ കമ്പി വടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ഉളിയക്കോവിൽ ശ്രീഭദ്രാ നഗർ 131ൽ ശ്യാം (29) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ ആശാഭവനം വീട്ടിൽ സുനിൽകുമാർ (47) നെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മോഷണം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശ്യാം. തിങ്കളാഴ്ച വെളുപ്പിന് തോപ്പിൽകടവ് ഭാഗത്ത് ശ്യാമും ഇയാളുടെ സുഹൃത്തുക്കളും സുനിൽകുമാറിനോടൊപ്പം സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയിലും ദേഹത്തുമാണ് അടിയേറ്റത്. കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അൻസർ ഖാൻ, സ്‌ക്ലോബിൻ, കൺട്രോൾ റൂം എസ്.ഐ രാജശേഖരൻ, കൺട്രോൾ റൂം എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ഫെർഡിനന്റ്, സി.പി.ഒ സുരേഷ്, വിനോജ് എന്നിവരടങ്ങിയ സംഘമാണ് ബോട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യ്തത്.