ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ കത്തിയമർന്നു, പത്ര ഏജന്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: ഓടിക്കൊണ്ടിരിക്കെ ഇലക്‌ട്രിക് സ്‌കൂട്ടർ കത്തിനശിച്ചു, യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ പാനൂരിനടുത്ത് മൊകേരിയിൽ ഇന്ന് രാവിലെയാണ് സംഭവം. പാനൂർ ടൗണിലെ പത്രം ഏജന്റായ ചെണ്ടയാട് സ്വദേശി മൂസയുടെ KL- 58 A H 4983 കൈനറ്റിക് ഗ്രീൻ ഇലക്‌ട്രിക് സ്‌കൂട്ടറാണ് കത്തിയത്.
ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് മൂസ പറയുന്നത്. രാവിലെ മൊകേരി പുതുമ മുക്കിന് സമീപം പത്രവിതരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. പുക കണ്ടയുടനെ സ്‌കൂട്ടർ നിർത്തി പുറത്തിറങ്ങിയതിനാലാണ് രക്ഷപ്പെട്ടതെന്നും മൂസ പറഞ്ഞു. സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിക്കുന്നതിന്റെ പ്രധാന കാരണം ഷോർട്ട് സർക്യൂട്ടാണ് എന്നാണ് വിലയിരുത്തൽ. വാഹനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയ്‌ക്ക് അനുയോജ്യമായ വയറിംഗുകളാണ് വണ്ടികളിൽ ഉപയോഗിക്കുന്നത്. ഈ വയറിംഗുകൾക്ക് താങ്ങാനാകുന്നതിലും കൂടുതൽ വൈദ്യുതി പ്രവഹിക്കുമ്പോഴാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നത്. കൃത്യമായ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിലൂടെ ഒരുപരിധിവരെ അപകടം ഒഴിവാക്കാൻ സാധിക്കും.