നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ഇന്ന് ആദ്യസംഘം നാളെ യാത്ര തിരിക്കും
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് ഇന്ന് ആരംഭിക്കും. നാളെ വൈകിട്ട് 5.55ന് ആദ്യ തീർത്ഥാടകസംഘം നെടുമ്പാശേരിയിൽ നിന്ന് യാത്രയാകും. ആദ്യ വിമാനത്തിൽ യാത്ര തിരിക്കേണ്ട തീർത്ഥാടകർ ഇന്ന് ഹജ്ജ് ക്യാമ്പിലെത്തും. വിമാനത്താവളത്തിലെ 'ടി 3' ടെർമിനലിൽ വളന്റിയർമാർ തീർത്ഥാടകരെ സ്വീകരിക്കും. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഗേജുകൾ എയർലൈൻസിന് കൈമാറും. തുടർന്ന് തീർത്ഥാടകരെ പ്രത്യേക വാഹനത്തിൽ ഹജ്ജ് ക്യാമ്പിലെത്തിക്കും.
ഹജ്ജ് സർവീസിന് സൗദി എയർലൈൻസ് 21 സർവീസുകളാണ് നെടുമ്പാശേരിയിൽ നിന്ന് ചാർട്ടർ ചെയ്തിരിക്കുന്നത്. ജിദ്ദ വിമാനത്താവളം വഴി മക്കയിൽ എത്തുന്ന തീർത്ഥാടകർ ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ശേഷം മദീന സന്ദർശനത്തിനായി പോകും. മദീന വിമാനത്താവളത്തിൽ നിന്നാണ് മടക്കയാത്ര. കേരളത്തിൽ നിന്നുള്ള 5680 പേരാണ് നെടുമ്പാശേരി എംബാർക്കേഷൻ വഴി ഈ വർഷം യാത്ര തിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള 199 പേരും ലക്ഷദ്വീപിൽ നിന്നുള്ള 111 പേരും നെടുമ്പാശേരിയിൽ നിന്നുണ്ടാകും.