സാഹിത്യ പരിഷത്ത് ശതാബ്ദി ഒരുക്കത്തിനിടെ തിരഞ്ഞെടുപ്പ് പോര്

Thursday 15 May 2025 12:58 AM IST

കൊച്ചി: നൂറുവർഷം പൂർത്തിയാക്കുന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഭരണം പിടിച്ചെടുക്കാൻ ഇത്തവണ ശക്തമായ പോരാട്ടം. 14 വർഷത്തിനു ശേഷമാണ് രണ്ട് പാനലുകളിലെ എഴുത്തുകാർ ഏറ്റുമുട്ടുന്നത്. സി. രാധാകൃഷ്ണനും യു.കെ. കുമാരനും നയിക്കുന്ന പാനലുകളാണ് മത്സരരംഗത്ത്. 25നാണ് വോട്ടെടുപ്പ്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, രണ്ട് സെക്രട്ടറിമാർ, ട്രഷറർ എന്നീ പ്രധാന ഭാരവാഹികളെയും 15 നിർവാഹക സമിതി അംഗങ്ങളുമാണുള്ളത്. സാധാരണയായി വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ ഭരണസമിതിയെ തിരഞ്ഞെടുക്കുകയാണ് പതിവ്. നിലവിലെ പ്രസിഡന്റായ സി. രാധാകൃഷ്ണൻ മത്സരരംഗത്ത് സജീവമാണ്.

കഴിഞ്ഞ തവണ ഭാരവാഹികളെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തതെങ്കിലും 15 അംഗ നിർവാഹക സമിതിയിലേക്ക് 16 പേർ നാമനിർദ്ദേശം സമർപ്പിച്ചതിനാൽ അവിടെ വോട്ടെടുപ്പ് നടക്കേണ്ടിവന്നു.

സാഹിത്യ പരിഷത്ത്

എറണാകുളം ഹോസ്പിറ്റൽ റോഡിൽ ആസ്ഥാന മന്ദിരവും ലൈബ്രറിയും ഹാളുമുൾപ്പെടെ സ്വന്തമായി സൗകര്യങ്ങളുള്ള ഒരു വലിയ സ്ഥാപനമാണ് സാഹിത്യ പരിഷത്ത്. 1926ൽ സാഹിത്യ സമാജം എന്ന പേരിൽ ഇടപ്പള്ളിയിൽ രൂപംകൊണ്ട സംഘടന, ഒരു വർഷത്തിനു ശേഷം സമസ്ത കേരള സാഹിത്യ പരിഷത്തായി മാറി. നിലവിൽ 280ൽ അധികം അംഗങ്ങളുള്ള സംഘടനയിൽ ടി. പദ്മനാഭൻ, പ്രൊഫ. എം.കെ. സാനു, ഡോ. എം. ലീലാവതി, എം. മുകുന്ദൻ തുടങ്ങിയ പ്രമുഖ എഴുത്തുകാർ വിശിഷ്ടാംഗങ്ങളാണ്.

2027ൽ സംഘടനയുടെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കും. സമവായം സാദ്ധ്യമാകാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ്. 2011ലാണ് ഇതിനുമുമ്പ് എല്ലാ സ്ഥാനങ്ങളിലേക്കും മത്സരം നടന്നത്.

പാനൽ 1

പ്രസിഡന്റ് : സി. രാധാകൃഷ്‌ണൻ

ജനറൽ സെക്രട്ടറി : ഡോ. നെടുമുടി ഹരികുമാർ,

ട്രഷറർ : പി.യു. അമീർ

വൈസ് പ്രസിഡന്റ് : എം. അബ്ദുൾ ഹമീദ്

സെക്രട്ടറിമാർ എം.കെ. ശശീന്ദ്രൻ, ശ്രീമൂലനഗരം മോഹനൻ

പാനൽ 2

പ്രസിഡന്റ് : യു.കെ. കുമാരൻ

ജനറൽ സെക്രട്ടറി : കെ. സതീഷ് ചന്ദ്രൻ

ട്രഷറർ : അജിതൻ മേനോത്ത്

വൈസ് പ്രസിഡന്റ് ഡോ.‌‌ടി.എസ്. ജോയ്

സെക്രട്ടറിമാർ പി.എ. മെഹബൂബ്, പി.കെ. സജീവൻ

വോട്ടെടുപ്പ്

തീയതി: 25 ന്

സമയം: 10 മുതൽ 9

ഫലം: വൈകിട്ട് 5 ഓടെ