വ്യായാമത്തിനായി ടൂറിസം കേന്ദ്രങ്ങളിലും 'ഓപ്പൺ ജിം'
കോഴിക്കോട്: കായിക യുവജനകാര്യ വകുപ്പും ടൂറിസം വകുപ്പും ചേർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം 'ഓപ്പൺ ജിം" സ്ഥാപിക്കുന്നു. ആദ്യഘട്ടത്തിൽ ഏഴിടങ്ങളിൽ. ഇതിനൊപ്പം ഇന്റർലോക്ക് ചെയ്ത നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ലെെറ്റുകൾ തുടങ്ങിയവയും ഉണ്ടാകും. ഉപകരണങ്ങൾ സ്ഥാപിക്കാൻ തിരുനെൽവേലിയിലെ എക്സൽ എൻജിനിയറിംഗ് കമ്പനിക്കാണ് കരാർ. ഒരു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ടൂറിസം വകുപ്പിന് കെെമാറുമെന്ന് കായികവകുപ്പ് അധികൃതർ വ്യക്തമാക്കി.
സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണച്ചുമതല. 148.26 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
ഒരു ഓപ്പൺ ജിമ്മിനായി മാത്രം പത്തുലക്ഷത്തോളം രൂപയാണ് കായിക വകുപ്പ് ചെലവ് കണക്കാക്കുന്നത്. ഉയർന്ന നിലവാരമുള്ള 14 ഉപകരണങ്ങളാണ് സ്ഥാപിക്കുക.
കുട്ടികൾ മുതൽ പ്രായമായവർക്കു വരെ വ്യായാമം ചെയ്യാം. സാമൂഹ്യവിരുദ്ധർ നശിപ്പിക്കാതിരിക്കാനായി മാനേജ്മെന്റ് കമ്മിറ്രിയെ ചുമതലപ്പെടുത്തും.
എയർ വാക്കർ, ചെസ്റ്റ് പ്രെസ് (ഡബിൾ), ട്രിപ്പിൾ ട്വിസ്റ്റർ, ലെഗ് പ്രെസ് (ഡബിൾ), റോവർ, ഷോൾഡർ ബിൽഡർ (ഡബിൾ), സിറ്റ് അപ് ബോർഡ്, സ്കൈ വാക്കർ, സർഫ് ബോർഡ്, ക്രോസ് ട്രെയ്നർ(ഡബിൾ), ബാക്ക് എക്സ്‌റ്റൻഷൻ, പുഷ് അപ് ബാർ ആൻഡ് ഡിപ്പ് സ്റ്റേഷൻ, ഹോഴ്സ് റൈഡർ, സിംഗിൾ ബാർ എന്നിവയാണ് ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ.
പഞ്ചായത്തുകളിലും വരും
പഞ്ചായത്തുകളിലും ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കും. 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയുടെ ആദ്യഘട്ടത്തിലെ 124 കളിക്കളങ്ങളിൽ ഭരണാനുമതി ലഭിച്ച 69 എണ്ണത്തിൽ 16 ഇടങ്ങളിലാകും ആദ്യം സ്ഥാപിക്കുക. പൊതുസ്ഥലങ്ങളിൽ കൂടുതൽ ഫിറ്റ്നസ് കേന്ദ്രങ്ങളും തുറക്കും.
ഓപ്പൺ ജിം ഇവിടങ്ങളിൽ
1.മലപ്പുറം കോട്ടക്കുന്ന് പാർക്ക്
2.കൽപ്പറ്റ ജിനചന്ദ്രൻ സ്റ്റേഡിയം
3.ആക്കുളം ടൂറിസ്റ്റ് വില്ലേജ്
4.തിരു. സെൻട്രൽ സ്റ്രേഡിയം
5.ആലപ്പുഴ ലെെറ്റ് ഹൗസിന് സമീപം
6.കോഴിക്കോട് ബേപ്പൂർ
7.മുഴപ്പിലങ്ങാട് ബീച്ച്-കണ്ണൂർ