കുട്ടനാട്ടിൽ കോളറബാധ സംശയം: നടപടികളുമായി ആരോഗ്യവകുപ്പ്

Thursday 15 May 2025 12:16 AM IST

ആലപ്പുഴ: കുട്ടനാട്ടിലെ തലവടിയിൽ കോളറ സംശയിക്കുന്നയാളുടെ റൂട്ട് മാപ്പ് വിപുലമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സംശയിക്കുന്ന തലവടി ആറാം വാർഡ് പുത്തൻപറമ്പിൽ പി.ജി.രഘു (48) തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രക്തപരിശോധനയിലാണ് കോളറയെന്ന സംശയത്തിലെത്തിയത്. സ്റ്റൂൾ കൾച്ചറൽ ടെസ്റ്റ് നടത്തിയതിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. വീണ്ടും പരിശോധിച്ചാലേ കോളറ സ്ഥിരീകരിക്കാനാവുയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

ടിപ്പർ ലോറി ഡ്രൈവറായ രഘു ഏപ്രിൽ 29നും മേയ് 9നുമിടയിൽ തൃശൂരിൽ പലവട്ടം പോയിരുന്നു. അതിനാൽ ആലപ്പുഴയിൽ നിന്നാണ് രോഗം പിടികൂടിയതെന്ന് ഉറപ്പിക്കാനാകില്ല. രഘുവിന് ജനുവരിയിൽ കരളിനും മറ്റ് ആന്തരികാവയവങ്ങൾക്കും പ്രശ്നം കണ്ടെത്തിയിരുന്നു. രോഗിക്കൊപ്പം ഉണ്ടായിരുന്നവരിൽ നിന്നും കുടുംബത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവർക്കാർക്കും ആരോഗ്യപ്രശ്നങ്ങളില്ല. രോഗി പോയിട്ടുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 നിലവിൽ രക്തപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ രോഗിക്ക് കോളറയ്ക്കുള്ള ചികിത്സ നൽകുകയാണ്.

- ഡെപ്യൂട്ടി ഡി.എം.ഒ