ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം: രണ്ടുപേർ പിടിയിൽ
പത്തനംതിട്ട : റാന്നി പഴവങ്ങാടി ഇട്ടിയപ്പാറയിലെ ആളൊഴിഞ്ഞ പഴയ വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചുകടത്താൻ ശ്രമിച്ച രണ്ടുപേരെ അയൽവാസികൾ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. ഒരാൾ ഓടിരക്ഷപ്പെട്ടു. കേസിൽ രണ്ടും മൂന്നും പ്രതികളായ റാന്നി മന്ദിരം പാറയ്ക്കൽ കോളനിയിൽ ഓമന നിവാസ് വീട്ടിൽ ഷൈജു എന്ന കെ.അനീഷ് കുമാർ (38), പഴവങ്ങാടി കരികുളം മുക്കാലുമൺ പുലയകുന്നിൽ സിബി ഇടിക്കുള (38) എന്നിവരാണ് പിടിയിലായത്. അങ്ങാടി മേനാംതോട്ടം ആശാരിമുറിയിൽ എബ്രഹാമിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പാറയിൽ വീട്ടിൽ 13ന് രാവിലെ 9നാണ് മോഷണം നടന്നത്. ആൾതാമസമില്ലാത്ത വീട്ടിൽ അനക്കംകേട്ട അയൽവാസികൾ നാട്ടുകാരെ കൂട്ടി എത്തിയപ്പോൾ രണ്ട് ചാക്കുകെട്ടുകളുമായി മൂന്നുപേർ ഇവിടെ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടു. ആളുകളെ കണ്ട് മോഷ്ടാക്കൾ ചാക്കുകൾ ഉപേക്ഷിച്ചു കടക്കാൻ ശ്രമിച്ചു. വീട്ടുടമ എബ്രഹാമിനെ കൂടി വിളിച്ചുവരുത്തി മോഷ്ടാക്കളെ തടഞ്ഞുവച്ച് പൊലീസിൽ അറിയിച്ചു. ഇതിനിടെ ഒരാൾ സ്ഥലത്തുനിന്നും ഓടിപ്പോയി. റാന്നി പൊലീസെത്തി ഇവരെ അറസ്റ്റു ചെയ്തു. വിരലടയാള വിദഗ്ദ്ധർ എത്തി ഇവരുടെ വിരലടയാളങ്ങൾ ശേഖരിച്ചു. പിൻവാതിൽ കുത്തിത്തുറന്നുകയറി കിടപ്പുമുറിയിലെ സീലിംഗ് പൊളിച്ച് അതിലെ അലൂമിനിയം ഫ്രെയിമുകൾ ഇളക്കിയെടുത്തു. വീടിനുള്ളിൽ സൂക്ഷിച്ച കിണറിന്റെ കപ്പിയും അടുക്കളയിലെ അലൂമിനിയം പാത്രങ്ങളും മോഷ്ടിച്ചു. ആകെ 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. രക്ഷപ്പെട്ട മൂന്നാമനായുള്ള തെരച്ചിൽ വ്യാപകമാക്കി. ചോദ്യം ചെയ്യലുകൾക്കുശേഷം പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.