പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീ ഇന്നലെയും അണഞ്ഞില്ല... പുകഞ്ഞുകത്തി മദ്യശേഖരം

Wednesday 14 May 2025 9:28 PM IST

തിരുവല്ല : മദ്ധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക അഗ്നിശമന സേനയുടെ ഫയർയൂണിറ്റുകളിലെ വെള്ളം ഒഴിച്ചിട്ടും പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീ ഇന്നലെയും അണഞ്ഞില്ല. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും മദ്യക്കുപ്പികളിൽ നിന്ന് പുകച്ചുരുളുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. സർവസജ്ജമായി ഫയർഫോഴ്‌സിന്റെ വാഹനങ്ങളും ജീവനക്കാരും സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രദേശത്താകെ സ്പിരിറ്റ് കത്തിയതിന്റെ രൂക്ഷഗന്ധം കാരണം പലരും മൂക്ക് പൊത്തിയിരിക്കുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു തീപിടിത്തം.വൻ നഷ്ടമാണ് ഉണ്ടായത്.

ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പഞ്ചസാര ഫാക്ടറിയുടെ പഴയകെട്ടിടമാണ്. ഇപ്പോൾ തീകത്തി അസ്ഥിപഞ്ജരം പോലെ നിൽക്കുന്നു, പണ്ട് പഞ്ചസാര ചാക്കുകൾ ആട്ടിയടുക്കി സൂക്ഷിച്ചിരുന്ന ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ കെട്ടിടം അറ്റകുറ്റപ്പണികൾ ചെയ്താണ് ബീവറേജസ് കോർപ്പറേഷൻ ഉപയോഗിച്ചിരുന്നത്. ആസ്ബറ്റോസ്, ടിൻ, അലുമിനിയം ഷീറ്റുകൾ കൊണ്ട് മറച്ചിരുന്ന കെട്ടിടത്തിന്റെ ഭൂരിഭാഗവും തീപിടുത്തത്തിൽ നിലംപൊത്തി. അര ഏക്കറിലധികം സ്ഥലത്ത് നിലനിന്നിരുന്ന ഈ കെട്ടിടത്തിലാണ് ബീവറേജസ് കോർപ്പറേഷൻ ഒരു പ്രീമിയം കൗണ്ടർ ഉൾപ്പെടെ അഞ്ച് വില്പനകേന്ദ്രവും നിറയെ മദ്യക്കുപ്പികളുമായി ഗോഡൗണും പ്രവർത്തിച്ചിരുന്നത്.

സുരക്ഷയെന്ന് പറയാൻ ചില അഗ്നിശമനികൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് ജീവനക്കാർ പോലും പറയുന്നു. ഇത്രയധികം രൂപയുടെ മദ്യം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് കാവൽക്കാരും കുറവായിരുന്നു. രാത്രി തീയണയ്ക്കാൻ വന്ന ഫയർഫോഴ്‌സിന്റെ വാഹനങ്ങൾക്ക് വെള്ളം എത്തിക്കാൻ പോലും ബുദ്ധിമുട്ടേണ്ടി വന്നു. പിന്നീട് സമീപത്തുള്ള ഒരു ഹോട്ടലിൽ നിന്നാണ് വെള്ളം കൊണ്ടുവന്നത്.

"ഹൃദയഭേദകമായ കാഴ്ച "

മദ്യത്തിന്റെ മുന്തിയയിനം ബ്രാൻഡുകൾ തീപിടിച്ച് കെട്ടിടത്തിൽ കൂമ്പാരമായി കിടക്കുന്നത് നെഞ്ച് തകർക്കുന്ന കാഴ്ചയാണെന്ന് സ്ഥലത്തെത്തിയ മദ്യപർ തമാശ പറഞ്ഞു. തീപിടിച്ച കെട്ടിടത്തിന് ചുറ്റും പൊലീസ് റിബൺ കെട്ടിയിരുന്നതിനാൽ കാഴ്ച ദൂരെനിന്നാണ് കണ്ടത്. ടൈൽ ഉൾപ്പെടെ പൊട്ടിത്തെറിച്ച തറയിൽ കത്തിനശിച്ച മദ്യക്കുപ്പികൾ കരിപിടിച്ചു കിടക്കുന്നു.

വൻദുരന്തം ഒഴിവായി കെട്ടിടത്തിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ലോറി തൊഴിലാളികൾ രാത്രി കൗണ്ടറിന് മുന്നിൽ ക്യു നിന്നവരെ ഓടിച്ചു വിടുകയായിരുന്നു. ഇതിനുള്ളിൽ ഉണ്ടായിരുന്ന ജീവനക്കാരെയും രക്ഷപ്പെടുത്തിയത് തൊഴിലാളികളാണ്. പകൽനേരത്ത് തീപിടുത്തം ഉണ്ടാകാതിരുന്നതിനാൽ ജീവഹാനി ഒഴിവായെന്ന് തൊഴിലാളികൾ പറഞ്ഞു. ദിവസവും വൈകിട്ട് 5വരെ നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടെയുള്ളത്. മദ്യം നിറയ്ക്കുന്ന സ്ത്രീ തൊഴിലാളികൾ തന്നെ ഇരുന്നൂറിലധികമുണ്ട്. കയറ്റിറക്ക്, ലോറി ഡ്രൈവർമാർ, മദ്യവിതരണം ഉൾപ്പെടെ 200ലേറെ പുരുഷ തൊഴിലാളികളും ജോലി ചെയ്തിരുന്നു. കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ അധികൃതർ ഒരുക്കണമെന്നാണ് ജീവനക്കാർ പറയുന്നത്.

പുതിയ ഔട്ട്ലെറ്റ് ഉടൻ തീപിടിത്തത്തെ തുടർന്ന് പ്രവർത്തനം നിലച്ച പുളിക്കീഴിലെ ഔട്ട്ലെറ്റിന് പകരം പുതിയ കൗണ്ടർ ഉടൻ ആരംഭിക്കുമെന്ന് ബീവറേജസ് അധികൃതർ പറഞ്ഞു. ഇവിടെ ഉണ്ടായിരുന്ന ഒരു പ്രീമിയം കൗണ്ടറും നാല് കൗണ്ടറുകളുമാണ് കത്തിനശിച്ചത്. ഇവിടെ നിന്ന് വെയർഹൗസും മാറ്റാൻ സ്ഥലം നോക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം പുതിയ വില്പനകേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. മദ്യ നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ വിപണനം മുന്നോട്ട് കൊണ്ടുപോകും.