സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി എം.ബി രാജേഷ്

Wednesday 14 May 2025 9:29 PM IST

തിരുവല്ല പുളിക്കീഴ് ബീവറേജസ് ഗോഡൗണും ഔട്ട്ലെറ്റും കത്തിനശിച്ചത് അപ്രതീക്ഷിതവും ഗൗരവവുമായ സംഭവമാണെന്നും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സംഭരണശാലയുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ബിവറേജസ് സംഭരണശാല സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് സമഗ്രവും ഗൗരവുമായ അന്വേഷണം നടത്തും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ കൈക്കൊള്ളും. ഇതിനായി ഉന്നതതല യോഗം ചേർന്ന് സ്റ്റാൻഡേർഡ് ഓപ്പറേഷണൽ പ്രൊസിജിയർ തയാറാക്കും. ഷോപ്പുകൾ മുതൽ എല്ലാ ബെവ്കോ സ്ഥാപനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. എല്ലാ സ്ഥാപനങ്ങളെയും ഫയർ ഓഡിറ്റിംഗിന് വിധേയമാക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു. മാത്യു ടി.തോമസ് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ആർ.സനൽകുമാർ, ജില്ല കമ്മിറ്റിഅംഗം അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ബാലചന്ദ്രൻ, പ്രമോദ് ഇളമൺ, ടി.എ. റെജികുമാർ, അഡ്വ.ആർ മനു, ജോസഫ് തോമസ്, നിരണം ലോക്കൽ കമ്മറ്റി സെക്രട്ടറി പി.സി. പുരുഷൻ, കമ്പനി ജനറൽ മാനേജർ ജോയൽ വർഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.