വോട്ടർപ്പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർത്തവർക്കെതിരെ നടപടി

Thursday 15 May 2025 12:35 AM IST

തിരുവനന്തപുരം: മണ്ഡലാടിസ്ഥാനത്തിലുള്ള നിയമസഭാ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ നിർദ്ദേശിച്ചു. രജിസ്‌ട്രേഷൻ ഓഫീസർമാരോടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ജില്ലാ കളക്ടർമാരോടുമാണ് സൂക്ഷ്മ പരിശോധന നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.

ജനപ്രാതിനിധ്യ നിയമപ്രകാരം ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നിലധികം തവണയോ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് ശിക്ഷാർഹമാണ്. ഒരുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നിലവിൽ ഇത്തരത്തിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ,​ സ്ഥിരം താമസമില്ലാത്ത സ്ഥലത്തെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടേഴ്സ് പോർട്ടലിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെയോ, ബൂത്ത് ലെവൽ ഓഫീസറുടെയോ സഹായവും തേടാവുന്നതാണ്. ഒരു സ്ഥലത്ത് നിന്ന് താമസം മാറുമ്പോൾ,​ വോട്ടർ പട്ടികയിൽ നിന്ന് പുതിയ സ്ഥലത്തേക്ക് പേര് മാറ്റാൻ ഫോം 8ൽ അപേക്ഷ നൽകണം. അല്ലാതെ,​ പുതിയ സ്ഥലത്ത് ഫോം 6ൽ വിവരങ്ങൾ ബോധപൂർവം മറച്ചുവച്ച് പുതിയ അപേക്ഷ നൽകുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.