ഒരിക്കൽ സന്ദർശിച്ച് പിന്നീട് എത്രനാൾ കഴിഞ്ഞ് വിസയ്‌ക്ക് അപേക്ഷിക്കാനാകും? യുഎഇയിൽ പോകുന്നവർ ഇക്കാര്യം അറിഞ്ഞേ മതിയാകൂ

Wednesday 14 May 2025 10:15 PM IST

അബുദാബി: ദുബായിലും അബുദാബിയിലും ഷാർജയിലുമടക്കം യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പോകാൻ ആഗ്രഹിക്കുന്നവർ‌ വിസ അപേക്ഷ നൽകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വിസ നിയമങ്ങളെക്കുറിച്ച് അപേക്ഷിക്കുന്നവർ കൃത്യമായി അറിയണം. അപേക്ഷ നൽകുമ്പോൾ അശ്രദ്ധയുണ്ടായാൽ അപേക്ഷ അംഗീകരിക്കാൻ കാലതാമസം ഉണ്ടാകുകയോ തള്ളിപ്പോകുകയോ ചെയ്‌തേക്കാം. സാധാരണഗതിയിൽ ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകൾ യുഎഇയിലേക്ക് ലഭിക്കാൻ പ്രയാസമുള്ളതല്ല. എന്നാൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

ഒരേ ആളുടെ പേരിൽ ഒന്നിലധികം അപേക്ഷ നൽകിയാൽ വിസ ലഭിക്കാൻ തടസമാകും. ആദ്യം നൽകിയ അപേക്ഷയിലാണ് തീരുമാനം വരേണ്ടത്. അതുപോലെ പ്രായപൂർത്തിയാകാത്തവർക്ക് വിസയ്‌ക്കായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പൂർണ വിവരവും സമ്മതപത്രവും വേണം. ഇല്ലാത്ത പക്ഷം അപേക്ഷ തള്ളാം. ‌ഒരിക്കൽ യുഎഇ വിസ ലഭിച്ച് യാത്രചെയ്‌തവർ ഒരുമാസമെങ്കിലും കഴിഞ്ഞേ വീണ്ടും വിസയ്‌ക്കായി അപേക്ഷിക്കാവൂ.

ടൂറിസ്റ്റ്, വിസിറ്റിംഗ് വിസ വേണ്ടവർ ആറുമാസം കാലാവധിയുള്ള പാസ്‌പോർട്ട്, താമസിക്കുന്ന സ്ഥലത്തെ, ബന്ധുവിന്റെ സ്ഥലത്തെ രേഖ, തിരികെ പോകുന്നതിനുള്ള കൺഫേംഡ് വിമാനടിക്കറ്റ്, ബാങ്ക് അക്കൗണ്ടിൽ ചുരുങ്ങിയത് 500 ദിർഹം മുതൽ 3000 ദിർഹം വരെ തുകയുണ്ട് എന്നതിന്റെ രേഖ ഇവയൊക്കെ വേണം. രേഖകളുടെ ഡിജിറ്റൽ പതിപ്പല്ല, പ്രിന്റൗട്ട് തന്നെ കൈയിൽ കരുതുക. മാത്രമല്ല നിരന്തരം യുഎഇ യാത്രചെയ്യുന്നവരെ രാജ്യത്തെ ഇമിഗ്രേഷൻ വിഭാഗം നിരീക്ഷണ വിധേയമാക്കിയേക്കും.