വന്ദേഭാരതിലടക്കം കിട്ടുന്നത് മലിന ഭക്ഷണം, ചിക്കനും ചപ്പാത്തിക്കും 5 ദിവസത്തെ പഴക്കം
കൊച്ചിയിലെ കാറ്ററിംഗ് യൂണിറ്റ് പൂട്ടിച്ചു
ആഹാരസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു
കൊച്ചി: വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകളിൽ വിതരണം ചെയ്തിരുന്നത് യാതൊരു ശുചിത്വവും പാലിക്കാതെ അറപ്പുളവാക്കുന്ന രീതിയിൽ തയ്യാറാക്കിയ ഭക്ഷണ സാധനങ്ങൾ. അഞ്ചു ദിവസം പഴക്കമുള്ള 50 കിലോയിലധികം കോഴിയിറച്ചി, പുഴുങ്ങിയ മുട്ടകൾ, ചപ്പാത്തി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ കൊച്ചി കോർപ്പറേഷന്റെ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. വന്ദേഭാരതിന് പുറമെ, അഞ്ചു ദീർഘദൂര ട്രെയിനുകളിലും ഭക്ഷണം നൽകിയിരുന്നത് ഇവിടെ നിന്നാണ്. ഡൽഹി ആസ്ഥാനമായ ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് ക്ലസ്റ്റർ കിച്ചണിന്റെ ഭാഗമായി കടവന്ത്ര ഫാത്തിമ ലെയിനിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം പൂട്ടിച്ചു. മലിനജലം തോട്ടിലേക്ക് ഒഴുക്കിയതിന് 10,000 രൂപ പിഴയിട്ടു. വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ വൈദ്യുതി ബോർഡിന് കത്തും നൽകി. കരാറുകാരന് കനത്ത പിഴ ചുമത്തും. അന്യസംസ്ഥാന തൊഴിലാളികളാണ് പാചകക്കാർ. ഇവരുടെ താമസസ്ഥലവും വൃത്തിഹീനമായിരുന്നു. ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ കൗൺസിലർ ആന്റണി പൈനുതറയെ അറിയിക്കുകയായിരുന്നു. നേരിൽകണ്ട കൗൺസിലർ ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.വി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. ഉദ്യോഗസ്ഥരെ കണ്ട് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.നേരത്തെ, താക്കീത് നൽകി 10,000 രൂപ പിഴയടപ്പിച്ചിരുന്നു. മേയർ എം. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. 60 വർഷത്തോളമായി രാജ്യത്തുടനീളം ബൃന്ദാവൻ ക്ളസ്റ്റർ കിച്ചൺ ട്രെയിനുകളിൽ ഭക്ഷണം നൽകുന്നുണ്ട്.
പിടിച്ചെടുത്ത് നശിപ്പിച്ചത്
ചപ്പാത്തി......................................... 300
പരിപ്പ് കറി....................................... 20 കിലോ
കടലക്കറി ....................................15 ലിറ്റർ
കുറുമ........................................... 10 ലിറ്റർ
മസാല .........................................10 കിലോ
പുഴുങ്ങിയ മുട്ട............................. 300
ചിക്കൻകറി.................................... 10 കിലോ
കോഴിയിറച്ചി .................................42 കിലോ
പഴകിയ സോയാബീൻ............ 50 കിലോ
റെയിൽവേ ഒരു ലക്ഷം പിഴയിട്ടു
കൊച്ചി: കാറ്ററിംഗ് യൂണിറ്റിൽ നിന്ന് റെയിൽവേ ഒരുലക്ഷം രൂപ പിഴ ഈടാക്കും. തിരുവനന്തപുരത്തെ ഡിവഷണൽ കൊമേഴ്സ്യൽ മാനേജർ, ഹെൽത്ത് ഓഫീസർ, ഐ.ആർ.സി.ടി.സി ഏരിയ മാനേജർ എന്നിവരുൾപ്പെട്ട സംഘം അന്വേഷിക്കും.
കർശനനടപടി സ്വീകരിക്കാൻ ഐ.ആർ.സി.ടി.സിക്ക് നിർദ്ദേശം നൽകിയതായി റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചു. കാറ്ററിംഗ് യൂണിറ്റിന് ഭക്ഷ്യസുരക്ഷാ ലൈസൻസുണ്ട്. കൊമേഴ്സ്യൽ ലൈസൻസോ മാലിന്യസംസ്കരണ സംവിധാനങ്ങളോ ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കൊച്ചി കോർപ്പറേഷൻ പറയുന്നു. യൂണിറ്റ് പൂട്ടിയതുമൂലം ട്രെയിനുകളിൽ ഭക്ഷണം തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിച്ചതായും റെയിൽവേ അറിയിച്ചു.
''മനുഷ്യജീവന് അപകടകരമായ രീതിയിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നത് കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കും"" -അഡ്വ.എം. അനിൽകുമാർ കൊച്ചി മേയർ
''അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും കത്തുനൽകി.""
-ഹൈബി ഈഡൻ എം.പി