കൊച്ചിയിലുണ്ട് പശുക്കളിൽ സുന്ദരി 'സഹിവാൾ'
കൊച്ചി: കാഴ്ചയിൽ മാത്രമല്ല, ഈ പശുക്കളുടെ പാലിനുമുണ്ട് സവിശേഷഗുണം. വംശനാമം 'സഹിവാൾ". അവിഭക്ത ഇന്ത്യയിലെ സാഹിവാൾ പ്രദേശത്ത് നിന്നുള്ളതിനാലാണ് സഹിവാൾ എന്ന് അറിയപ്പെട്ടത്. എറണാകുളം നഗരമദ്ധ്യത്തിലെ 'വൃന്ദാവൻ" ഗോശാലയിൽ ഈ ഇനത്തിൽപ്പെട്ട 15 എണ്ണമുണ്ട്. എറണാകുളം സ്വദേശി അമ്മുവും ബംഗളൂരു സ്വദേശിയായ ഭർത്താവ് സന്തോഷുമാണ് ദിവാൻസ് റോഡിലെ 14 സെന്റിൽ ഗോശാല നടത്തുന്നത്.
നാലു കൊല്ലം മുൻപ് ഹരിയാനയിൽനിന്നാണ് രണ്ടു പശുക്കളെ കൊണ്ടുവന്നത്. സുന്ദരിയും ദുർഗയും. അവയുടെ മക്കളും കൊച്ചുമക്കളുമാണ് മറ്റുള്ളവ. വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് സഹിവാൾ ഗോക്കൾ. പശുക്കളെ വളർത്തുന്നത് ലാഭത്തെക്കാളേറെ ജീവിതനിയോഗമായി ഇവർ കരുതുന്നു. ചാണകത്തിൽനിന്ന് പാചകവാതകവും ഉത്പാദിപ്പിക്കുന്നു. ചാണകവും ഗോമൂത്രവും ആവശ്യക്കാർക്ക് സൗജന്യമായും നൽകും. മൈസൂരുവിലും ഫാമുകളുള്ള ദമ്പതികൾ കുതിരകളെയും വളർത്തുന്നുണ്ട്. വെച്ചൂർ പശു, കാസർകോട് കുള്ളൻ, പുങ്കനൂർ, ഗിർ തുടങ്ങിയ നാടൻ ഇനങ്ങളുടെ ഫാമും കേരളത്തിൽ തുടങ്ങണമെന്നാണ് ഇവരുടെ ആഗ്രഹം.
പാൽ ലിറ്ററിന് 150 രൂപ
ഒരു പശുവിൽനിന്ന് ലഭിക്കുന്നത് പ്രതിദിനം 25-30 ലിറ്റർ പാൽ. നേരിയ സ്വർണനിറമുള്ള ഔഷധഗുണമുള്ള കൊഴുത്ത പാലാണ്. ലിറ്ററിന് വില 150 രൂപ. ആറു പശുക്കളെ കറക്കുന്നുണ്ട്. നഗരവാസികളും ആയുർവേദ കേന്ദ്രങ്ങളും മുഴുവൻ പാലും വാങ്ങും. ചോളം, തേങ്ങ-കടല പിണ്ണാക്ക്, തവിട് തുടങ്ങിയവയാണ് തീറ്റ. ജോലിക്കാരുടെ കൂലി ഉൾപ്പെടെ മാസം മൂന്നുലക്ഷത്തോളം രൂപ ചെലവുണ്ടെങ്കിലും ലാഭത്തിലാണ് ഗോശാല.
ശാന്ത പ്രകൃതം
ശരാശരി 700 കിലോയുള്ള തവിട്ടുനിറമുള്ള സഹിവാൾ പശുക്കൾ നന്നായി ഇണങ്ങും. മൂക്കുകയർ വേണ്ട. ശാന്ത പ്രകൃതം. വലിയ പൂഞ്ഞ (പുറത്തെ മുഴ), ഉരുണ്ട പിൻഭാഗം, കുഴിഞ്ഞ നടുവ്, കുളമ്പുവരെയുള്ള വാൽ തുടങ്ങിയവയാണ് പ്രത്യേകതകൾ
''പ്രായമായവയെ ഉപേക്ഷിക്കുകയോ കശാപ്പുകാർക്ക് കൈമാറുകയോ ഇല്ല. അന്ത്യംവരെ അവയെ പരിപാലിക്കും
-അമ്മു