വമ്പന്‍ മേക്കോവറിന് ഒരുങ്ങി കൊച്ചി വിമാനത്താവളം; ലോകോത്തര സൗകര്യങ്ങളുമായി സിയാല്‍ 2.0

Wednesday 14 May 2025 11:11 PM IST

കൊച്ചി: ഇന്ത്യയിലെ തിരക്കേറിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാല്‍). ഇപ്പോഴിതാ സിയാല്‍ 2.0 എന്ന വമ്പന്‍ പദ്ധതിയിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ചിറക് വിരിക്കാനൊരുങ്ങുകയാണ് കോച്ചി. സമ്പൂര്‍ണ ഡിജിറ്റലൈസേഷനാണ് പദ്ധതിയുടെ ഭാഗമായി ആദ്യം നടക്കുന്നത്. എ.ഐ, ഓട്ടോമേഷന്‍, മെച്ചപ്പെട്ട സൈബര്‍ സുരക്ഷ എന്നിവയാണ് ഡിജിറ്റലൈസേഷന്റെ ഭാഗമായി വരുന്നത്.

പുതിയ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ യാത്രക്കാര്‍ക്ക് സെക്യൂരിറ്റി ചെക്കിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് കൃത്യതയോടെ ഗുണനിലവാരമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുകയെന്നതാണ് 2.0യിലൂടെ സിയാല്‍ ലക്ഷ്യമിടുന്നത്. സൈബര്‍ സ്പെയ്സിലെ പുതിയ വെല്ലുവിളികള്‍ നേരിടുക, യാത്ര സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന വിവര സാങ്കേതികവിദ്യ അനുബന്ധ പദ്ധതികളാണ് സിയാല്‍ 2.0 യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

നിര്‍മാണം പൂര്‍ത്തീകരിച്ച സൈബര്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സെര്‍വറുകളും സൈബര്‍ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായി തന്നെ കൈകാര്യം ചെയ്യാനാകും. സൈബര്‍ ഭീഷണികളെ നിരന്തരം നിരീക്ഷിക്കുകയും കണ്ടെത്തുകയും നിര്‍വീര്യമാക്കുകയും ചെയ്യാന്‍ ശേഷിയുള്ളതാണ് ഈ സംവിധാനം. ഫുള്‍ബോഡി സ്‌കാനറുകളിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ദേഹപരിശോധന സുരക്ഷിതമായി പൂര്‍ത്തിയാക്കുന്നതാണ് മറ്റൊരു മാറ്റം.

വിമാനത്താവളത്തിന്റേയും പരിസരപ്രദേശങ്ങളുടേയും നിരീക്ഷണം കുറ്റമറ്റരീതിയിലാക്കുന്നതിനായി 4000 എ.ഐ ക്യാമറകളാണ് സ്ഥാപിക്കുന്നത്. സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനുള്ള ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്പോസല്‍ സിസ്റ്റം (BDDS) ആധുനികവത്കരിക്കുന്നു. ഒപ്പം ലിക്വിഡ് എക്സ്പ്ലോസീവ് ഡിറ്റക്ടര്‍, ത്രെറ്റ് കണ്ടെയ്ന്‍മെന്റ് വെസ്സല്‍ എന്നീ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഇതിന് പുറമേ നിലവില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംവിധാനങ്ങളെ ആധുനികവത്കരിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.