നടുവത്തൂർ ബ്രാഞ്ച് കനാൽ തുറക്കാൻ നടപടി
Thursday 15 May 2025 12:02 AM IST
മേപ്പയ്യൂർ: രൂക്ഷമായ വരൾച്ചമൂലം കൃഷി നശിക്കുകയും കുടിവെള്ള ക്ഷാമവും നേരിടുകയും ചെയ്യുന്ന കീഴരിയൂരിലെ രണ്ട്, മൂന്ന്, നാല്, 11 വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളം തുറന്നു വിടുന്നതിന് നടപടിയായതായി ജലസേചന വകുപ്പ്. ഇതുസംബന്ധിച്ച് കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കുറ്റ്യാടി ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകിയിരുന്നു. കനാലിന്റെ ചോർച്ച കാരണമാണ് നടുവത്തൂർ ബ്രാഞ്ച് കനാൽ അടച്ചിട്ടിരുന്നത്. ചോർച്ചയടച്ച് കനാൽ വീണ്ടും തുറക്കണമെന്ന ആവശ്യം പരിഗണിച്ച് ഫണ്ട് അനുവദിക്കാമെന്നും ഉന്നതതല സംഘം സ്ഥലം സന്ദർശിച്ച് കനാൽ നവീകരണത്തിനാവശ്യ മായ റിപ്പോർട്ട് തയ്യാറാക്കാമെന്നും ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ പറഞ്ഞു.