നിപ സമ്പർക്കപ്പട്ടികയിലുള്ളവർ ഐസൊലേഷൻ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോർജ്
- പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനിൽ തന്നെ തുടരണം
മലപ്പുറം: നിപ സമ്പർക്കപ്പട്ടികയിലുള്ളവർ ഐസൊലേഷൻ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനിൽ തന്നെ തുടരണം. ജില്ലയിൽ നിപ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് ആരും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. 65 പേർ ഹൈ റിസ്‌കിലും 101 പേർ ലോ റിസ്‌കിലുമാണുള്ളത്. നിപ സ്ഥിരീകരിച്ചിട്ടുള്ളയാൾ മാത്രമാണ് ഐ.സി.യുവിൽ ചികിത്സയിലുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള ഒരാൾ മാത്രമാണ് ഐസൊലേഷനിൽ ചികിത്സയിലുള്ളത്.
നിപ ബാധിച്ച രോഗി ഗുരുതരമായി തുടരുകയാണ്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേർക്ക് ആന്റി വൈറസ് പ്രൊഫൈലാക്സിസ് ചികിത്സ നൽകി വരുന്നു. ഫീവർ സർവൈലൻസിന്റെ ഭാഗമായി നിശ്ചയിച്ച മുഴുവൻ വീടുകളും (4749) സന്ദർശിച്ചു.
പുതുതായി കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി നിർദേശം നൽകി. നിപ അന്താരാഷ്ട്ര തലത്തിൽ തന്നെ പൊതുജനാരോഗ്യ മുൻഗണനായുള്ളതും ദേശീയ/സംസ്ഥാന പ്രോട്ടോകോളുകൾ നിലവിലുള്ളതുമായ അണുബാധയാണ്.
മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം
- നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും 21 ദിവസം നിർബന്ധമായും ഐസൊലേഷനിൽ/ക്വാറന്റൈനിൽ തന്നെ തുടരണം.
- 21 ദിവസം പൂർണമായും യാത്ര ഒഴിവാക്കണം.
- മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരരുത്.
- എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.
- ഐസൊലേഷൻ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.