സെപ്റ്റിക് ടാങ്കിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

Thursday 15 May 2025 12:06 AM IST
പോരുവഴി പതിനാലാം വാർഡിൽ ഒസ്ഥാൻമുക്കിന് സമീപം ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തുന്നു

കുന്നത്തൂർ: വീട്ടു പറമ്പിലെ ഉപയോഗശൂന്യമായ 15 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പോരുവഴി പതിനാലാം വാർഡിൽ ഒസ്ഥാൻമുക്കിന് സമീപം ചാമവിള വടക്കതിൽ ഷിജുവിന്റെ പശുവാണ് സെപ്റ്റിക് ടാങ്കിൽ മേയുന്നതിനിടെ വീണത്. വിവരം അറിഞ്ഞെത്തിയ ശാസ്താംകോട്ട ഫയർസ്റ്റേഷനിലെ ഫയർമാന്മാരായ രാജേഷ് കുമാർ, രാജേഷ് എന്നിവർ റെസ്ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെ ടാങ്കിൽ ഇറങ്ങി ഹോസിന്റെയും റോപ്പിന്റെയും മറ്റ് സേനാംഗങ്ങളുടെയും സഹായത്തോടെ പശുവിനെ കരയിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ഫയർമാന്മാരായ അനി,പ്രമോദ്,അജീഷ്,ഷാനവാസ്, കെ.സുന്ദരൻ,വി.ബിജുകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.