മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്നത് കടുവ; പ്രതിഷേധവുമായി നാട്ടുകാർ

Thursday 15 May 2025 11:24 AM IST

മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്നത് കടുവയാണെന്ന് വനംവകുപ്പ്. പുലിയുടെ ആക്രമണമല്ലെന്നും മുറിവ് കാണുമ്പോൾ കടുവയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വനംവകുപ്പ് പറയുന്നു. ചോക്കാട് കല്ലാമുല സ്വദേശി ഗഫൂറിനെയാണ് (39) ഇന്ന് രാവിലെ കടുവ കടിച്ചുകൊന്നത്.

ഗഫൂറിനെ കടുവ പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഗഫൂറിനെ കടുവ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ട് പോയതായാണ് പറയുന്നത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് വലിയ രീതിയിൽ പ്രതിഷേധം നടക്കുകയാണ്. ഇവിടെ കടുവയുടെയും പുലിയുടെയും സാന്നിദ്ധ്യം ഉണ്ടെന്നും നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു.

എംഎൽഎയും ഡിഎഫ്ഒയും സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ കണ്ടെത്തി മയക്കുവെടിവയ്ക്കുമെന്ന് എംഎൽഎ എ പി അനിൽകുമാർ അറിയിച്ചു. മൂന്ന് കുട്ടികളുടെ പിതാവാണ് ഗഫൂർ. 10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വയനാട്ടിൽ നിന്നും പാലക്കാട് നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്നും എല്ലാവരുടെയും സഹായം ഉണ്ടെങ്കിൽ മാത്രമെ ഇത് നടക്കൂവെന്നും എംഎൽഎ വ്യക്തമാക്കി.

'മൂന്നുമാസം മുൻപ് വന്യമൃഗ സാന്നിദ്ധ്യത്തെക്കുറിച്ച് നിയമസഭയിൽ അറിയിച്ചിരുന്നു. കൂട് വച്ചോ ക്യാമറ വച്ചോ സർക്കാർ നീക്കം നടത്തണം. സർക്കാരിന്റെ ശ്രദ്ധ കുറവാണ് ഇതിന് കാരണം. കടുവ സാന്നിദ്ധ്യം ഉണ്ടായെന്ന് അറിയിച്ചിട്ടും വേണ്ട രീതിയിൽ സർക്കാർ ഇടപെട്ടില്ല. ഗഫൂറിന്റെ കുടുംബത്തിന് കൂടുതൽ പണം നൽകണമെന്ന് മന്ത്രിയോട് ആവശ്യപ്പെടും'- എംഎൽഎ വ്യക്തമാക്കി.