'ഭാര്യയെ അപമാനിച്ചു; പിന്നിൽ നിന്ന് ആക്രമിച്ചു, അന്ന് റോബിനെ അധിക്ഷേപിച്ചവരുടെ ഇന്നത്തെ അവസ്ഥ'
ലക്ഷകണക്കിന് ആരാധകരുളള ടെലിവിഷൻ പരിപാടിയാണ് സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ്ബോസ്. ഇപ്പോഴിതാ ബിഗ്‌ബോസിന്റെ പുതിയ സീസൺ ഉടനെത്തുമെന്ന തരത്തിലുളള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതിനിടയിലാണ് ബിഗ്ബോസ് സീസൺ ഫോറിലെ മത്സരാർത്ഥിയായിരുന്ന ഡോക്ടർ റോബിനെക്കുറിച്ചുളള വെളിപ്പെടുത്തലുകൾ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് നടത്തിയിരിക്കുന്നത്. റോബിനെ പിന്നിൽ നിന്ന് കുത്തിയവരുടെ ഇപ്പോഴത്തെ ദയനീയ അവസ്ഥയെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
'ബിഗ്‌ബോസ് സീസൺ ഫോർ മത്സരാർത്ഥിയായിരുന്ന റോബിനെ അധിക്ഷേപിച്ച രണ്ട് വ്യക്തികളെ രാജ്യദ്രോഹികളെന്ന് മുദ്ര കുത്തിയിരിക്കുകയാണ്. ഒരു കൊടും ചതിയിലൂടെയാണ് അന്ന് റോബിനെ ഗെയിമിൽ പുറത്താക്കിയത്. ഇതുവരെ നടന്ന ബിഗ്‌ബോസ് ഷോകളിൽ മികച്ചതായിരുന്നു സീസൺ 4. അതിന് കാരണവും റോബിൻ തന്നെയാണ്. വിജയം റോബിന് തന്നെയാണെന്ന് മറ്റുളള മത്സരാർത്ഥികൾക്ക് മനസിലായപ്പോൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.
അയാളുടെ വായിൽ നിന്ന് മോശമായ ഒരു വാക്കുപോലും ആരും കേട്ടിരുന്നില്ല. അന്ന് റോബിന്റെ ജനപിന്തുണ ബുദ്ധിപൂർവം ഊഹിച്ചെടുത്ത രണ്ട് മത്സരാർത്ഥികളായിരുന്നു ദിൽഷയും ബ്ലസ്ലിയും. കുറച്ച് നാൾ കഴിഞ്ഞപ്പോൾ റോബിന് പിന്തുണയുമായി ലക്ഷ്മിപ്രിയയുമെത്തി. ദിൽഷയും റോബിനും തമ്മിലുളള സൗഹൃദത്തിന് പ്രേക്ഷകർ പലതരത്തിലുളള പേരുകളും നിർവചിച്ചു. ഒടുവിൽ ദിൽഷ ഗെയിമിൽ വിജയിക്കുകയും ചെയ്തു. റോബിന്റെ സ്വഭാവത്തിലുളള ഒരേയൊരു പ്രശ്നം അയാൾ അലറിയാണ് സംസാരിക്കുന്നതെന്നാണ്. ഇതുവരെയുളള സീസണുകൾ പരിശോധിക്കുമ്പോൾ സ്വഭാവത്തിൽ ഏറ്റവും ഉന്നത നിലവാരം പുലർത്തിയ വ്യക്തിയും റോബിൻ തന്നെയായിരുന്നു.
എന്നാൽ രണ്ട് പേർ റോബിനെ മനഃപൂർവം അധിക്ഷേപിച്ചു. ഒരാൾ റോബിന്റെ ഭാര്യയുടെ പേരിനെ അപമാനിച്ചയാളും മറ്റൊരാൾ റോബിൻ അലറൽ വീരനാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചിട്ടുമുണ്ട്. ഇവർ രണ്ടുപേരും ഇപ്പോൾ വാലിന് തീപിടിച്ച് ഓടുകയാണ്. ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിട്ടുളളത്. ആ മഹത് വ്യക്തികളാണ് അഖിൽ മാരാരും റിയാസ് സലീമും.
തലയിൽ ആൾതാമസം തീരെയില്ലാത്ത വ്യക്തിയാണ് റിയാസ് സലീം. എന്നാൽ ശോഭനമായ ഭാവിയുളള ഒരു വ്യക്തിയായിരുന്നു അഖിൽ മാരാർ. എന്നാൽ അയാളുടെ സ്വഭാവത്തെ ശങ്കരാടിയുടെ ഡയലോഗുമായി താരതമ്യം ചെയ്യാം. സകലകലാവല്ലഭൻ പക്ഷെ വകതിരിവ് വട്ടപൂജ്യം എന്നായിരുന്നു. സമൂഹത്തിൽ ലൈവായി നിൽക്കാൻ വേണ്ടി അഖിൽ മാരാർ പറയുന്ന പല നിലപാടുകളും പാളി പോകാറുണ്ട്. ഇവർ രണ്ടുപേരുമാണ് റോബിന്റെ മനസിനെ വേദനിപ്പിച്ചവർ'- ആലപ്പി അഷ്‌റഫ് പറഞ്ഞു.