'ഞാനൊന്ന് ഞൊടിച്ചാൽ'; കെപിസിസി അദ്ധ്യക്ഷ മാറ്റത്തിലെ അതൃപ്‌തി പ്രകടമാക്കി കെ സുധാകരൻ

Thursday 15 May 2025 12:54 PM IST

കണ്ണൂർ: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്ന് കെ സുധാകരൻ. വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനങ്ങൾ തന്നോട് പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നു സുധാകരന്റെ പ്രതികരണം.

'എനിക്കൊപ്പം പ്രവർത്തകരുണ്ട്, ജീവൻ തരാൻ പോലും തയ്യാറായ അണികൾ കൂടെയുണ്ട്. അവരെ ഒപ്പം കൂട്ടാൻ യാതൊരു പ്രയാസവുമില്ല. ഞാനൊന്ന് ഞൊടിച്ചാൽ പത്തിരട്ടി ഞൊടിക്കുന്ന അണികളുണ്ട്. നേതൃത്വസ്ഥാനത്തേയ്ക്ക് പരിഗണിക്കേണ്ടത് പരിചയസമ്പന്നരെയാണ്. ഉയരുന്നവരെ പിടിച്ചുകെട്ടാൻ ആളുകളുണ്ട്. കൂടുതൽ പറഞ്ഞാൽ നേതാക്കൾക്ക് ഇൻസൾട്ടാകും. ഞാൻ പരിചയസമ്പന്നനായ നേതാവാണ്. നേതൃത്വത്തിൽ നിന്ന് സംരക്ഷണം കിട്ടിയില്ല. സണ്ണി ജോസഫിനെ നിയമിച്ചത് എന്റെ അഭിപ്രായം പരിഗണിച്ചാണ്. എന്നാൽ എന്നെ മാറ്റിയ രീതി ശരിയാണോയെന്ന് നേതാക്കളോട് ചോദിക്കണം'- കെ സുധാകരൻ പറഞ്ഞു.

കഴിഞ്ഞദിവസമാണ് പുതിയ കെപിപിസി അദ്ധ്യക്ഷനായി സണ്ണി ജോസഫ് സ്ഥാനമേറ്റത്. യുഡിഎഫ് കൺവീനറായി അടൂർപ്രകാശ് എം.പിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായി പി.സി വിഷ്ണുനാഥ് എം.എൽ.എ, എ.പി.അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവരും ചുമതലയേറ്റു.

'സിയുസി (കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ) പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അത് ഞാൻ സണ്ണിയെ ഏൽപ്പിക്കുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സാധിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്‌നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഎമ്മിനെതിരെ ഒരു പടക്കുതിരയായി ഞാൻ ഉണ്ടാകും.

ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നാണ് എന്റെ ശൈലി. ഇരട്ടച്ചങ്ക് ഉള്ളവരോടും നിലപാടിൽ മാറ്റമില്ല. മല്ലികാർജുൻ ഖാർഗെയോടും രാഹുൽ ഗാന്ധിയോടും നന്ദി പറയുന്നു. വർക്കിംഗ് കമ്മിറ്റിയിൽ നിയോഗിച്ചതിന് നന്ദി. സണ്ണി ജോസഫ് എന്റെ അനുജനാണ്. സണ്ണിയുടെ രാഷ്‌ട്രീയ നേട്ടത്തിൽ അഭിമാനമുണ്ട്'- എന്നാണ് സ്ഥാനമൊഴിഞ്ഞതിനുശേഷം സുധാകരൻ പറഞ്ഞത്.