ചുവർ ശില്പങ്ങളിൽ സുധീറിന്റെ മാജിക് ടച്ച്

Friday 16 May 2025 12:17 AM IST

കൊച്ചി: ചുവർശില്പകലയിൽ നിർമ്മാണാവശ്യത്തിനുള്ള കൃത്രിമ പശയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തി ശ്രദ്ധേയനാകുകയാണ് ചിത്രകാരൻ ടി.കെ. സുധീർ. കാഠിന്യമുള്ള ലോഹങ്ങളും ചില്ലുപാളികളുമൊക്കെ ഒട്ടിക്കാനും വാട്ടർടാങ്കിന്റെ ചോർച്ച അടയ്ക്കാനും മറ്റും ഉപയോഗിക്കുന്ന ക്ഷിപ്രവേഗം ഒട്ടിപ്പിടിക്കുന്ന എം.സീലാണ് ഇദ്ദേഹത്തിന്റെ മാദ്ധ്യമം. ദീർഘകാലം നിലനിൽക്കുമെന്ന് മാത്രമല്ല, നല്ല ദൃശ്യഭംഗിയുമുണ്ടാകും. ചിത്രകലയിലെ അനുഭവസമ്പത്തും കളിമണ്ണും സിമന്റും ഉപയോഗിച്ച് റിലീഫുകൾ തയ്യാറാക്കിയ പരിചയത്തിലുമാണ് പരീക്ഷണം. അലുമിനിയം കോമ്പോസിറ്റ് ഷീറ്റിൽ പശ കുഴമ്പാക്കി പതിപ്പിച്ച് ചുവർചിത്രങ്ങളിലെ ദേവീദേവന്മാരുടെ രൂപത്തിനൊത്ത് ചിട്ടപ്പെടുത്തി. ശില്പനിർമ്മാണം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും എംസീൽ പരീക്ഷണം വിജയമായി. എറണാകുളം ഇടപ്പള്ളി ദേവൻകുളങ്ങര സ്വദേശിയായ ടി.കെ. സുധീർ ഒരു പ്രിന്റിംഗ് പ്രസ് ഉടമ കൂടിയാണ്. ഭാര്യ: രൂപ, മകൾ: സാന്ദ്ര.

 ശ്രീ ബുദ്ധൻ മുതൽ സരസ്വതി വരെ

അഞ്ച് അടി വീതിയിലും അത്രതന്നെ ഉയരത്തിലുമുള്ള ശ്രീബുദ്ധൻ, മഹാഗണപതി, സരസ്വതി, യക്ഷി, രാധയും കൃഷ്ണനും തുടങ്ങി നിരവധി ചിത്രശില്പങ്ങൾ പശയിൽ വിരിയിച്ചെടുക്കാൻ സുധീറിന് കഴിഞ്ഞു. കാഴ്ചയിൽ ഇത് ലോഹ നിർമ്മിതികളെ വെല്ലുന്ന തരത്തിലുള്ള സൃഷ്ടികളാണ്. എം-സീൽ പശ അന്തരീക്ഷ ഊഷ്മാവുമായി ചേരുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ പാറപോലെ ഉറയ്ക്കും. എന്നാൽ അതിനുമുമ്പുള്ള ചെറിയ സമയം കൊണ്ട് ഏത് രൂപത്തിലേക്കും വളച്ചോ തിരിച്ചോ ക്രമീകരിക്കാം. ഇതുവരെ തയ്യാറാക്കിയ ഈ ശില്പങ്ങൾ കേരള ലളിതകലാ അക്കാഡമിയുടെതടക്കമുള്ള വിവിധ ആർട്ട് ഗ്യാലറികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

''ചുവർചിത്രത്തിൽ ഉപയോഗിക്കുന്നത് പ്രകൃതിദത്ത ചായങ്ങളാണ്. എം സീൽ ഉപയോഗിച്ചുള്ളവ പോളിഷ് ചെയ്ത് സൂക്ഷിച്ചാൽ ഏറെനാളത്തേക്ക് തിളക്കവും കാഴ്ചഭംഗിയും നിലനിൽക്കും''

ടി.കെ.സുധീർ

എംസീൽ ഉപയോഗിച്ച് ടി.കെ. സുധീർ നിർമ്മിച്ച ചുവർചിത്ര ശില്പങ്ങൾ പുതിയൊരു മാതൃകയാണ്. ശില്പനിർമ്മാണത്തിൽ എംസീൽ ഉപയോഗിക്കുന്നവർ വേറെയുമുണ്ട്. എന്നാൽ ഈ മാദ്ധ്യമം ഉപയോഗിച്ച് സങ്കീർണമായ ചുവർചിത്രങ്ങൾ പുനരാവിഷ്കരിക്കുന്ന ആദ്യത്തെ കലാകാരനാണ് സുധീർ.

ഡോ. സാജു തുരുത്തിൽ,

ചുവർചിത്ര വിഭാഗം മേധാവി

കാലടി സർവകലാശാല