വനപാലകർ കസ്റ്റഡിയിലെടുത്തയാളെ ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവം; എംഎൽഎയ്‌ക്കെതിരെ കേസെടുത്തു

Thursday 15 May 2025 5:54 PM IST

കോന്നി: വനപാലകർ കസ്റ്റഡിയിലെടുത്തയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവത്തിൽ കോന്നി എം എൽ എ അഡ്വ.കെ യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്ന വനംവകുപ്പ് ജീവനക്കാരുടെ പരാതിയിലാണ് നടപടി.

ഭീഷണി, ജോലി തടസപ്പെടുത്തൽ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനപാലകർ കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശിയെയാണ് എം എൽ എ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ബലമായി മോചിപ്പിച്ചത്.

എന്ത് തോന്ന്യാസമാണ് കാട്ടുന്നതെന്ന് പറഞ്ഞ് വനപാലകരോട് എം എൽ എ തട്ടിക്കയറുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ചാണ് എം എൽ എ പ്രകോപിതനായത്. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് മഹസർ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് മോചിപ്പിച്ച് കൊണ്ടുപോയത്.

കോന്നി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറെയും പ്രദേശവാസികളെയും കൂട്ടിയാണ് എം എൽ എ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്. വനപാലകരോട് കസ്റ്റഡിയിലെടുത്തതിന്റെ രേഖകൾ കാട്ടാൻ ആവശ്യപ്പെട്ടു. കുളത്തുമണ്ണിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഷോക്കേറ്റ് ആന ചരിഞ്ഞത്. ആന കിടന്ന വനഭൂമിക്കു സമീപത്തെ കൈതത്തോട്ടം ഉടമയുടെ സഹായി കോന്നി വയക്കരയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി രാജുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തോട്ടത്തിന്റെ അതിർത്തിയിലെ സോളാർ വേലിയിലൂടെ കൂടുതൽ അളവിൽ വൈദ്യുതി കടത്തിവിട്ടതാണ് ആനയ്ക്ക് ഷോക്കേൽക്കാൻ കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.