കോടികളുടെ ക്രമക്കേടുകൾ കാലങ്ങളായി തുടർക്കഥ...
മുൻ ഓഡിറ്റുകളിലും സമാന ക്രമക്കേടുകൾ
കൊച്ചി: കളമശ്ശേരി നഗരസഭയിലെ കോടികളുടെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ വസ്തുതകൾ കാലങ്ങളായി തുടരുന്നതെന്ന് കണ്ടെത്തൽ.
2022-23 ലെയും 2021-22ലെയും ഓഡിറ്റ് റിപ്പോർട്ടുകളിൽ കോടികളുടെ ക്രമക്കേടുകളും രേഖകളുടെ അഭാവവും ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കണ്ടെത്തിയ പോരായ്മകളും പരാമർശങ്ങളും പരിഹരിക്കുന്നതിൽ നഗരസഭ ഗുരുതര വീഴ്ച വരുത്തുന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ടുകളിൽ പലതവണ രേഖപ്പെടുത്തിയിട്ടുണ്ട്.
2023-24 ലെ ഓഡിറ്റ് റിപ്പോർട്ടിൽ 49,62,613 രൂപയുടെ ഇക്വിറ്റി ഷെയർ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്ന സുപ്രധാന കണ്ടെത്തലുണ്ട്. കൂടാതെ, 30,99,978 രൂപയുടെ ബിറ്റുമിൻ സ്റ്റോക്ക് നീക്കിയിരിപ്പുണ്ടെങ്കിലും കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്റ്റോക്ക് രജിസ്റ്റർ പോലും ഇല്ല. ലൈസൻസുള്ള 78 പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ പലതിനും രജിസ്ട്രേഷൻ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ പത്താമത് സരസ് മേളയ്ക്ക് നൽകിയ 20 ലക്ഷം രൂപയുടെ ധനവിനിയോഗ സാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ല.
നഗരസഭയിലെ കുടിവെള്ള വിതരണത്തിൽ ഏകദേശം ഏഴ് ലക്ഷത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിയത്. കുടിവെള്ള വിതരണ വാഹനങ്ങളിൽ ജി.പി.എസ് സംവിധാനമില്ലെന്നും വിതരണത്തിന്റെ കൃത്യമായ ലോഗ് ബുക്ക് സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ടെത്തലുകളെല്ലാം നഗരസഭയുടെ സാമ്പത്തിക കാര്യങ്ങളിലെ സുതാര്യതയില്ലായ്മയും കാര്യക്ഷമത കുറവും എടുത്തു കാണിക്കുന്നു.
മുൻ വർഷങ്ങളിലെ സമാന ക്രമക്കേടുകൾ
1. സ്‌കൂളുകളിലേക്കുള്ള ഫർണിച്ചറുകൾ വാങ്ങിയതിലും തൊഴിൽ നികുതി ഈടാക്കിയതിനുള്ള രജിസ്റ്റർ സൂക്ഷിക്കാത്തതുമെല്ലാം ഒന്നിലേറെ വർഷങ്ങളിൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
2. 2023-24ലേതിനു സമാനമായി 2022-23ൽ 70ലക്ഷത്തിലേറെയാണ് വസ്തു നികുതി കുടിശിക.
3. 2022-23ൽ നഗരസഭയിലെ ഹോസ്റ്റലുകളും ഹോം സ്‌റ്റേകളും ഉൾപ്പെടെയുള്ളവയ്ക്ക് ലൈസൻസ് നൽകിയതിനു വിരുദ്ധമായി സോഫ്‌റ്റ്വെയറിൽ ഉപയോഗ ക്രമം പാർപ്പിടാവശ്യമെന്ന് തിരുത്തി നൽകി. ഇതിലൂടെ ലക്ഷങ്ങളുടെ നികുതി നഷ്ടം.
4. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളിലും സമമാന ക്രമക്കേടുകൾ. കോടികളുടെ വരുമാനമുള്ള 2924 ചതുരശ്ര മീറ്ററുള്ള ചാക്കോളാസ് കൺവെൻഷൻ സെന്ററിന്റെ ഉൾപ്പെടെ ഉപയോഗ ക്രമം തെറ്റായി രേഖപ്പെടുത്തി നികുതി നിർണയിച്ചു നൽകി. നഷ്ടം ലക്ഷങ്ങൾ.
5. മൊബൈൽ ടവറുകളുടെ വസ്തു നികുതിയിൽ ലക്ഷങ്ങൾ കുടിശിക
നഗരസഭാ വാഹനങ്ങളുടെ ലോഗ് ബുക്കിൽ വൻ ക്രമക്കേട്. എത്ര ദൂരം ഓടി, എത്ര ഇന്ധനം നിറച്ചുവെന്നതൊന്നും പലപ്പോഴും രേഖപ്പെടുത്തുന്നില്ല.
6. വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുടെ വിവരങ്ങളും ലോഗ് ബുക്കിലില്ല.
7. 2021-22ൽ അനധികൃത കെട്ടിടങ്ങൾക്ക് എണ്ണമറ്റ അനുമതികൾ നൽകി. ഒന്നിനും വസ്തുനികുതി നിർണയിച്ചില്ല. കോടികളുടെ ക്രമക്കേട്.
8. കൃത്യമായ വൗച്ചറുകളോ രേഖകളോ ഇല്ലാതെ വിനിയോഗിച്ചത് 3.19കോടി