കൊല്ലങ്കോട്-തൃശൂർ റെയിൽപാതയ്ക്ക് കെ.രാധാകൃഷ്ണൻ എം.പി രംഗത്ത്
കൊല്ലങ്കോട്: 2013ൽ പ്രാഥമിക സർവ്വേ പൂർത്തിയാക്കിയ കൊല്ലങ്കോട്-തൃശൂർ റെയിൽപാത യാഥാർത്ഥ്യമാക്കണമെന്ന് കെ.രാധാകൃഷ്ണൻ എം.പി സതേൺ റെയിൽവേ ജനറൽ മാനേജർ വിളിച്ച് ചേർത്ത പാലക്കാട് റെയിൽവേ ഡിവിഷനിലെ എം.പിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു. 2005-06 ൽ സർവ്വേ നടത്തി 301.21 കോടി രൂപ ചെലവ് കണക്കാക്കിയ റെയിൽവേ ലൈൻ റീസർവ്വേ നടത്തി 547.954 കോടി രൂപ ചെലവ് കണക്കാക്കി റെയിൽവേ ബോർഡിന് ബന്ധപ്പെട്ട അധികൃതർ അയച്ചിരുന്നു. പാത യാഥാർത്ഥ്യമായാൽ തൃശൂരിലേക്കുള്ള റെയിൽ ദൂരം 105 കിലോമീറ്ററിൽ നിന്ന് 53 കിലോമീറ്ററായി കുറയുകയും ചെയ്യും. 25 പഞ്ചായത്തിലെ 10 ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് ഇത് വളരെ ഉപകാര പ്രദമാകും. തുറമുഖ നഗരങ്ങളായ കൊച്ചിയെയും തൂത്തുക്കുടിയെയും ബന്ധിപ്പിക്കുന്ന ദൂരക്കുറവുള്ള റെയിൽപാത മേഖലയിൽ വാണിജ്യത്തിനും ഉണർവേകും. തമിഴ്നാട്ടിലെ പൊള്ളാച്ചി, ഉദുമൽപ്പേട്ട, ഓടൻഛത്രം തുടങ്ങി കാർഷിക മേഖലയിലെ ഉൽപ്പന്നങ്ങൾ കേരളത്തിലെ മാർക്കറ്റിലേക്ക് ചുരുങ്ങിയ ചെലവിൽ എത്തിക്കാനാകും. അതിരപ്പിള്ളി, പീച്ചി, മംഗലംഡാം, പോത്തുണ്ടി, നെല്ലിയാമ്പതി, ടോപ് സ്ലിപ്പ്, പറമ്പിക്കുളം, ആനമല, വാൽപ്പാറ, കൊടൈക്കനാൽ തുടങ്ങിയ ഹിൽ സ്റ്റേഷനുകളെയും ഇക്കോ ടൂറിസം പദ്ധതി പ്രദേശങ്ങളെയും ബന്ധിപ്പിക്കുമെന്ന് എം.പി പറഞ്ഞു. പാലക്കാട് നിന്ന് ആരംഭിച്ച് ദിണ്ടിഗൽ ജംഗ്ഷൻ വരെ പുതിയ മെമു ട്രെയിൻ ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. രാവിലെ 6 മണിക്ക് ശേഷം വൈകീട്ട് 4.20 വരെ 10 മണിക്കൂർ ഇടവേളയിൽ പാലക്കാട്-മധുരൈ ലൈനിൽ മറ്റു ട്രെയിനുകൾ ഒന്നും തന്നെ ഇല്ല. വടക്കുഞ്ചേരിയിലെ നോൺ റെയിൽ ഹെഡ് പാസഞ്ചർ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. മുതലമട പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പ് ലൈൻ മുതലമട റെയിൽവേ ഓവർബ്രിഡ്ജിന് മുകളിലൂടെ സ്ഥാപിക്കുന്നതിനായി റെയിൽവേയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും കൂടി സംയുക്ത പരിശോധന നടത്തുവാൻ തീരുമാനിച്ചു. പാലക്കാട് ടൗണിൽ സർവീസ് അവസാനിപ്പിക്കുന്ന കോയമ്പത്തൂർ പാലക്കാട് ടൗൺ മെമു, തിരുച്ചിറപ്പിള്ളി പാലക്കാട് ടൗൺ പാസഞ്ചർ എന്നിവ പൊള്ളാച്ചി വരെ നീട്ടണമെന്നും പാലക്കാട് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാമെന്ന് ജനറൽ മാനേജർ അറിയിച്ചു.