അവസാന നിമിഷം റയൽ ജയം

Thursday 15 May 2025 9:53 PM IST

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗയിൽ മയ്യോർക്കയ്ക്ക് എതിരായ മത്സരത്തിൽ ഫൈനൽ വിസിലിന് തൊട്ടുമുമ്പ് വിജയിച്ച് റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ ജയം. കഴിഞ്ഞ വാരം എൽ ക്ളാസിക്കോയിൽ ബാഴ്സയുമായി 4-3ന് തോറ്റതിന്റെ ആഘാതത്തിലായിരുന്ന റയൽ സ്വന്തം തട്ടകത്തിൽ മറ്റൊരു തോൽവിക്ക് അടുത്തെത്തി രക്ഷപെടുകയായിരുന്നു.

11-ാം മിനിട്ടിൽ മാർട്ടിൻ വാലിയന്റിന്റെ ഗോളിലൂടെ തങ്ങളെ ഞെട്ടിച്ച മയ്യോർക്കയ്ക്ക് എതിരെ 68-ാം മിനിട്ടിൽ കിലിയൻ എംബാപ്പെയിലൂടെയാണ് റയൽ സമനില പിടിച്ചത്. 90+5-ാം മിനിട്ടിൽ ജേക്കബോ റാമോണാണ് റയലിനെ സമനിലയുടെ വക്കിൽ നിന്ന് വിജയത്തിലേക്കെത്തിച്ച ഗോൾ നേടിയത്.

സാങ്കേതികമായി ലാ ലിഗ കിരീ‌ടം ലഭിക്കാൻ റയലിന് ഇനിയും അവസരമുണ്ടെങ്കിലും ബാഴ്സലോണയുടെ നിലവിലെ ഫോമിനുമുന്നിൽ റയലിന്റെ സാദ്ധ്യതകൾ വിരളമാണ്. എസ്പാന്യോളിന് എതിരായ അടുത്ത മത്സരത്തിൽ ജയിച്ചാൽ ബാഴ്സയ്ക്ക് കിരീ‌ടം ചൂടാനാകും. 35 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുമായി ബാഴ്സലോണ ലീഗിൽ ഒന്നാമതാണ്. 35 കളികളിൽ നിന്ന് 75 പോയിന്റാണ് റയലിനുള്ളത്.