ഐ.പി.എൽ വീണ്ടും നാളെമുതൽ

Thursday 15 May 2025 9:55 PM IST

ശനിയാഴ്ച ബെംഗളുരുവിൽ ആർ.സി.ബി - കൊൽക്കത്ത മത്സരം

മുംബയ് :അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്ന ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ്

നാളെ പുനരാരംഭിക്കും. ആർ.സി.ബിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തോ‌ടെയാണ് ടൂർണമെന്റ് വീണ്ടും തുടങ്ങുന്നത്. രാത്രി ഏഴര മുതലാണ് മത്സരം.

പ്രാഥമിക റൗണ്ടിൽ പൂർത്തിയാക്കാനുള്ള 13 മത്സരങ്ങൾ മേയ് 27ന് പൂർത്തിയാകുന്ന തരത്തിലാണ് റീ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മേയ് 29ന് ആദ്യ ക്വാളിഫയറും 30ന് എലിമിനേറ്ററും ജൂൺ ഒന്നിന് രണ്ടാം ക്വാളിഫയറും നടക്കും.മേയ് 25ന് നിശ്ചയിച്ചിരുന്ന ഫൈനൽ ജൂൺ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. ധർമ്മശാലയിൽ പാതിവഴിയിൽ നിറുത്തിവച്ച പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപ്പിറ്റൽസ് മത്സരം മെയ് 24ന് വീണ്ടും ജയ്പുരിൽ നടത്തും.

ബെംഗളുരു,ഡൽഹി,ജയ്പുർ,ലക്നൗ,മുംബയ്, അഹമ്മദാബാദ് എന്നിങ്ങനെ ആറുനഗരങ്ങളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടത്തുക.

ഗാലറി 'വെളുക്കും"

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിരാട് കൊഹ്‌ലിക്ക് ആദരമായി കൊൽക്കത്തയ്ക്കെതിരായ മത്സരം കാണാൻ വിരാട് കൊഹ്‌ലിയുടെ ടെസ്റ്റിലെ 18-ാം നമ്പർ ജഴ്സി അണിഞ്ഞ് ഗാലറിയിലെത്താനാണ് ആരാധകരുടെ തീരുമാനം.