റെക്കാഡ് ലാഭവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Friday 16 May 2025 12:33 AM IST

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം 1,303 കോടി രൂപയായി

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,303 കോടി രൂപയുടെ അറ്റാദായവുമായി റെക്കാഡ് നേട്ടമുണ്ടാക്കി. മുൻ വർഷത്തേക്കാൾ 21.75 ശതമാനമാണ് വർദ്ധനയാണുള്ളത്. മൊത്തം ബിസിനസ് 1,95,104.12 കോടി രൂപയായി. ഓഹരി ഉടമകൾക്ക് 40 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ജനുവരി മുതൽ മാർച്ച് വരെ അറ്റാദായം 18.99 ശതമാനം ഉയർന്ന് 342.19 കോടി രൂപയിലെത്തി. മൊത്തം നിഷ്‌ക്രിയ ആസ്തി 4.50 ശതമാനത്തിൽ നിന്ന് 3.20 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.46 ശതമാനത്തിൽ നിന്ന് 0.92 ശതമാനമായും കുറഞ്ഞു. അറ്റ പലിശ വരുമാനം 4.61 ശതമാനം ഉയർന്ന് 3,485.64 കോടി രൂപയായി. മൊത്തം വായ്പ 8.89 ശതമാനം ഉയർന്ന് 87,578.52 കോടി രൂപയായി.

ലാഭക്ഷമത ഉറപ്പാക്കി ഗുണമേന്മയുള്ള മേഖലകളിൽ വായ്പ വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും നഷ്ടസാദ്ധ്യത കുറഞ്ഞ ഉപഭോക്താക്കൾക്ക് പുതിയ വായ്പകൾ ലഭ്യമാക്കിയതും പ്രവർത്തന മികവിന് സഹായിച്ചെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു.