നഴ്സിംഗ് പ്രവേശനം: നിലപാട് കടുപ്പിച്ച് മാനേജ്മെന്റുകൾ സർക്കാർ വിളിച്ച യോഗം മാറ്റി
തിരുവനന്തപുരം: സംസ്ഥാന പ്ലസ്ടു പരീക്ഷാഫലം വരുന്നതിന് മുമ്പ് ഏകപക്ഷീയമായി ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച സർക്കാർ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് മാനേജ്മന്റുകൾ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ ഇന്ന് വിളിച്ച യോഗം മാനേജ്മെന്റുകൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ മാറ്റിവച്ചു. ഉദ്യോഗസ്ഥർ തന്നിഷ്ടംപോലെ പ്രവർത്തിക്കുകയാണെന്നും മന്ത്രിതല ചർച്ചയിൽ മാത്രമേ പങ്കെടുക്കൂ എന്നുമാണ് മാനേജ്മെന്റുകളുടെ നിലപാട്.
കൂടിയാലോചനയില്ലാതെ അപേക്ഷ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് സ്വാശ്രയ കോളേജുകളിലെ എല്ലാ സീറ്റുകളിലും സ്വന്തംനിലയിൽ പ്രവേശനം നടത്തുമെന്നും 50% സീറ്റ് സർക്കാരിന് വിട്ടുനൽകില്ലെന്നും മാനേജ്മെന്റുകൾ പ്രഖ്യാപിച്ചിരുന്നു. കേരളകൗമുദി ബുധനാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അഡി. ചീഫ് സെക്രട്ടറി ചർച്ചയ്ക്ക് വിളിച്ചത്. ഇന്നുച്ചയ്ക്ക് 2.30നായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത്.
മുൻകാലങ്ങളിൽ പ്രവേശന നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ചർച്ചയ്ക്ക് വിളിക്കണമെന്നാവശ്യപ്പെട്ട് ഇക്കുറി മാനേജ്മെന്റുകൾ കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. അതിനിടെ സർക്കാർ പ്രവേശന നടപടി തുടങ്ങി. ഇതാണ് മാനേജ്മെന്റുകളെ പ്രകോപിപ്പിച്ചത്.
ഐ.എച്ച്.കെ വാർഷിക സമ്മേളനം നാളെ മലപ്പുറത്ത്
മലപ്പുറം: ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരളയുടെ (ഐ.എച്ച്.കെ ) വാർഷിക സമ്മേളനവും ശാസ്ത്ര സെമിനാറും 17,18 തീയതികളിലായി മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം നാളെ രാവിലെ 10ന് പി. ഉബൈദുള്ള എം.എൽ.എയും ദേശീയ സെമിനാർ ഞായറാഴ്ച ഇ.ടി.മുഹമ്മദ് ബഷീർ എം.പിയും ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.കൊച്ചുറാണി വർഗീസ് അദ്ധ്യക്ഷത വഹിക്കും. കുട്ടികളുടെ രോഗങ്ങളിൽ ഹോമിയോപ്പതിയുടെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഡോ.ആർ.രാധാകൃഷ്ണൻ നായർ സംസാരിക്കും. തുടർന്ന് ഹോമിയോപ്പതി ഡോക്ടർമാരുടെ പാനൽ ചർച്ച നടക്കും. മികച്ച ഹോമിയോപ്പതി ഡോക്ടർക്കുള്ള ഡോ. എൻ.കെ.ജയറാം അവാർഡ് ഡോ. കെ.കെ.നസീറിനും (കൊടുങ്ങല്ലൂർ), മീഡിയ അവാർഡ് കേരളകൗമുദി (പ്രിന്റ്), ക്ലബ് എഫ്.എം (ഓഡിയോ ), ഏഷ്യാനെറ്റ് ന്യൂസിനും (വിഷ്വൽ ) നൽകും. ഹാക്കത്തോൺ, റിസർച്ച് പേപ്പർ പ്രസന്റേഷൻ തുടങ്ങിയവ നടക്കും. 1000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഐ.എച്ച്.കെ ഭാരവാഹികളായ ഡോ. മുഹമ്മദ് അസ്ലം, ഡോ. പി.എ.നൗഷാദ്, ഡോ. പി.ജാഫർ, ഡോ. അബ്ദുൾ ശാക്കിർ, ഡോ.നഈമുറഹ്മാൻ, ഡോ. അജിത് പി.രാജ് എന്നിവർ അറിയിച്ചു.