ഭീഷണിയായി ദേശീയ പാതയ്ക്ക് സമീപത്തെ വലിയ കുഴി
ചവറ : നിർമ്മാണം പുരോഗമിക്കുന്ന ദേശീയ പാതയ്ക്ക് സമീപത്തെ വലിയ കുഴി കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും പേടി സ്വപ്നമാകുന്നു. ചവറ കൊറ്റൻകുളങ്ങരയ്ക്ക് സമീപമാണ് വലിയ കുഴി എടുത്തിട്ടിരിക്കുന്നത്. ഇത് പലപ്പോഴും ബൈക്കുൾപ്പെടെയുള്ള ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപെട്ട് യാത്രക്കാർ കുഴിയിൽ വീണ് പരിക്കേൽക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വലിയ വാഹനങ്ങൾക്ക് പോകാനായി കാൽ നട യാത്രക്കാർ ഒഴിഞ്ഞ് കൊടുക്കേണ്ടി വരുമ്പോൾ ഈ കുഴിയൽ വീഴുകയും ചെയ്യുന്നവസ്ഥയുണ്ട്. രാത്രി കാലത്ത് ഇതുവഴി വരുന്നവർ വലിയ കുഴിയുണ്ടെന്നറിയാതെ ഇവിടെ വീണ് വലിയ അപകടം ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. എത്രയും പെട്ടെന്ന് ഇവിടുത്തെ പണികൾ തീർത്ത് പാതയ്ക്ക് സമീപത്തെ കുഴി മൂടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കാലവർഷം അടുത്തതോടെ കുഴി മൂടിയില്ലെങ്കിൽ മഴയത്ത് മണ്ണിടിഞ്ഞ് കുഴിയുടെ വ്യാപ്തി കൂടാനും സാദ്ധ്യതയുണ്ട്.